കെജിഎഫിന് ശേഷം ‘സലാർ’; പ്രഭാസ് നായകനാകുന്ന പ്രശാന്ത് നീൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

March 1, 2021
Prashanth Neel and Prabhas's Salaar release date announced

കന്നഡ സിനിമാലോകത്തേക്ക് ആദ്യമായി ദേശീയ ശ്രദ്ധ ക്ഷണിച്ച ചിത്രമായിരുന്നു സംവിധായകൻ പ്രശാന്ത് നീലിന്റെ കെജിഎഫ്. ഇപ്പോഴിതാ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘സലാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായി വേഷമിടുന്നത് പ്രഭാസാണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. 2022 ഏപ്രിൽ പതിനാലിനാണ് ചിത്രത്തിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരിലും ആവേശം നിറയ്ക്കുന്നുണ്ട്.

കെ ജി എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം ഒരുക്കുന്നത്. അതേസമയം പ്രഭാസിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും സലാർ എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി വേഷമിടുന്നത് ശ്രുതി ഹാസനാണ്.

Read also:50 കിലോ കുറച്ച് 50-ാം വയസ്സില്‍ മോഡലായി; സിനിമയിലും അഭിനയിച്ചു ഫാഷന്‍ ലോകത്തെ ഈ മിന്നും താരം

ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് നീൽ. യാഷ് നായകനായി എത്തിയ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികൾ. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ മികച്ച സ്വീകാര്യത നേടിയിരുന്നു.

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് കെജിഎഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read also:ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്

അതേസമയം രാധേ ശശ്യാം, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് പ്രഭാസ്.

Story Highlights: Prashanth Neel and Prabhas’s Salaar release date announced