പ്രസവവേദനകൊണ്ട് റോഡരികിൽ വീണ യുവതിക്ക് താങ്ങായ മാലാഖമാർ; നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

March 16, 2021
woman gave birth on roadside with the help of two nurses

ഭൂമിയിലെ മാലാഖമാർ എന്നാണ് ആതുരസേവകരെ പൊതുവ വിശേഷിപ്പിക്കുന്നത്. രോഗികൾക്ക് വേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞു വയ്ക്കുന്ന ഇത്തരം നിരവധി മാലാഖമാരുടെ കഥകൾ നാം എപ്പോഴും കേൾക്കാറുണ്ട്. അത്തരത്തിൽ രണ്ടു മാലാഖമാരാണ് ഇപ്പോൾ കേരളക്കരയുടെ മുഴുവൻ കൈയടി നേടുന്നത്. പ്രസവവേദനകൊണ്ട് റോഡരികിൽ വീണ യുവതിക്ക് താങ്ങായി എത്തിയതാണ് ഈ മാലാഖമാർ. ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സോഫിയ എസ്, ദീപ ഡി.കെ. എന്നിവരാണ് കൊവിഡ് ഡ്യൂട്ടിക്കിടെ റോഡരികിൽ പ്രസവവേദനകൊണ്ട് പുളഞ്ഞ ലക്ഷ്മിയ്ക്ക് മുന്നിൽ രക്ഷകരായി എത്തിയത്.

പ്രസവവേദനയെത്തുടർന്ന് ലക്ഷ്മിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങിയതാണ് ഭർത്താവ് ചന്ദ്രൻ. ആശുപത്രിയിൽ പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചെങ്കിലും വീടിരിക്കുന്ന ഭാഗത്തേക്ക് വാഹനത്തിന് കയറിച്ചെല്ലാൻ കഴിയില്ല. അതിനാൽ വഴിയരികിൽ കാത്തുകിടന്ന വാഹനത്തിലേക്ക് കയറാനായി ഭർത്താവിന്റെ സഹായത്തോടെ ലക്ഷ്മി നടന്നു. എന്നാൽ വയറുവേദന അതികഠിനമായതോടെ യുവതിയ്ക്ക് നടക്കാൻ കഴിഞ്ഞില്ല. ഉടൻതന്നെ റോഡരികിൽ ഇരുന്ന യുവതിയുടെ അരികിലൂടെ ആ സമയത്താണ് ഇരുചക്രവാഹനത്തിൽ രണ്ടു നഴ്‌സുമാർ വന്നത്.

Read also:അലിഗഢിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക്; പത്രവിതരണക്കാരൻ കമ്പനി സ്ഥാപകനായ കഥ, പ്രചോദനമാണ് ആമിർ

ലക്ഷ്മിയുടെ അവസ്ഥ മനസിലാക്കിയ ഇവർ ഉടൻതന്നെ വഴിയരികിൽ സുരക്ഷിതമായ സ്ഥലമൊരുക്കി ലക്ഷ്മിയ്ക്ക് സുഖപ്രസവമൊരുക്കി. വളരെ കരുതലോടെ കുഞ്ഞിനെ പുറത്തെടുത്ത ഇവർ പൊക്കിൾകൊടി മുറിച്ചുമാറ്റിയ ശേഷം ആംബുലൻസ് വിളിച്ച് യുവതിയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു.

Story Highlights: woman gave birth on roadside with the help of two nurses