മഹാമാരിയുടെ കാലത്ത് കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ ഓട്ടോഡ്രൈവറായ അധ്യാപകന്‍: വേറിട്ട മാതൃക

May 3, 2021
School became auto driver to help Covid patients

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നവരുമുണ്ട് നമുക്ക് ചുറ്റും. അത്തരമൊരു മാതൃകയാണ് ഈ കൊവിഡ്ക്കാലത്ത് ശ്രദ്ധ നേടുന്നതും.

കൊവിഡ് രോഗബാധിതര്‍ക്ക് സഹായം നല്‍കുന്ന ഒരു അധ്യാപകന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. ദത്താത്രയ സാവന്ത് എന്നാണ് ഈ അധ്യാപകന്റെ പേര്. കൊവിഡ് രോഗികളെ സഹായിക്കാനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി സേവനം ചെയ്യുകയാണ് ഈ അധ്യാപകന്‍.

സ്വന്തമായി ഓട്ടോറിക്ഷ ഉണ്ട് ഇദ്ദേഹത്തിന്. കൊവിഡ്ക്കാലത്ത് ഈ ഓട്ടോറിക്ഷ കൊവിഡ് രോഗികള്‍ക്കായുള്ള ഒരു ആംബുലന്‍സ് പോലെ സേവനം ചെയ്യുന്നു. മുംബൈയിലാണ് ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ വേറിട്ട സേവനം. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പല രോഗികളും ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാതെ പ്രയാസമനുഭവിക്കുന്നുണ്ട്. ഇവര്‍ക്കരികിലേക്കാണ് തന്റെ ഓട്ടോറിക്ഷയുമായി ദത്താത്രയ സാവന്ത് എത്തുന്നത്. രോഗികളെ അദ്ദേഹം ആശുപത്രികളിലും എത്തിക്കുന്നു.

Read more: മരുന്നിനൊപ്പം സംഗീതവും; രോഗിയ്ക്കരികിൽ ഇരുന്ന് പാട്ട് പാടി നഴ്സ്, ഹൃദ്യം ഈ വിഡിയോ

സൗജന്യമായിട്ടാണ് ദത്താത്രയ സാവന്ത് കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രോഗമുക്തരായവരെ കൊവിഡ് സെന്ററുകളില്‍ നിന്നും ഇദ്ദേഹം വീടുകളിലും എത്തിക്കാറുണ്ട്. ഇതിനോടകം തന്നെ നൂറിലധികം രോഗികള്‍ക്ക് ദത്താത്രയ സാവന്തിന്റെ സേവനം ലഭ്യമായിക്കഴിഞ്ഞു. പലരും ഇദ്ദേഹത്തിന്റെ സേവനത്തിന് സഹായവുമായി എത്തുന്നുണ്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ധനച്ചെലവ് പൂര്‍ണമായും സ്‌പോണ്‍സര്‍ ചെയ്തു. കൊവിഡ് നിയന്ത്രണ വിധേയമാകുംവരെ സേവനം തുടരാനാണ് ദത്താത്രയ സാവന്തിന്റെ തീരുമാനം.

Story highlights: School became auto driver to help Covid patients