മൂന്ന് നിലകളിലായി ഒരുങ്ങിയ കോഫിൻ ഹൗസ്; നിർമിതിയ്ക്ക് പിന്നിലെ പ്രണയകഥ…

May 7, 2021

വീടുകൾ പണിയുമ്പോൾ വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറക്കാർ. നിർമിതിയിൽ വെറൈറ്റി തേടി പണികഴിപ്പിച്ച ചിപ്പി വീടും, ക്യാമറ വീടും ചില്ല് വീടുമെല്ലാം സോഷ്യൽ ഇടങ്ങളിൽ അടക്കം ശ്രദ്ധ നേടിയതാണ്. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഭവനമാണ് ഇംഗ്ലണ്ടിലെ ബ്രിക്സ് ഹാം നഗരത്തിലുള്ള കോഫിൻ ഹൗസ്.

വീട് പണിയുമ്പോൾ ആരെങ്കിലും ശവപ്പെട്ടിയുടെ രൂപത്തിൽ പണിയുമോ എന്ന ചോദ്യമാണ് ഈ വീട് കാണുന്നവർ ആദ്യം ഉന്നയിക്കുന്നത്. എന്നാൽ കാഴ്ചയിൽ ശവപ്പെട്ടിയ്ക്ക് സമാനമായി തോന്നുന്ന ഈ വീടിന്റെ നിർമിതിയ്ക്ക് പിന്നിലുമുണ്ട് ഒരു രസകരമായ കഥ…ഈ വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന സ്റ്റേജ് എസ്റ്റേറ്റ് ഏജൻസിന്റെ സൈറ്റിലാണ് ഈ വീടിന്റെ നിർമിതിയുടെ കഥ പറയുന്നത്.

1836 ലാണ് ഈ വീട് നിർമിച്ചത്. ഒരു പ്രണയസാക്ഷാത്കാരത്തിന്റെയും വൈരാഗ്യത്തിന്റെയും കഥയാണ് കോഫിൻ ഹൗസ് പറയുന്നത്. അക്കാലത്ത് അവിടെ താമസിച്ചിരുന്ന ഒരു വ്യക്തിയുടെ മകൾ അദ്ദേഹത്തിന് ഇഷ്ടമല്ലാത്ത ഒരു യുവാവുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായി. ഇതോടെ ‘എന്റെ മകളെ നീ വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് അവൾ ശവപ്പെട്ടിയിൽ കിടക്കുന്നതാണെന്ന്’ അയാൾ പറഞ്ഞു. എന്നാൽ പിന്നീട് ആ യുവാവ് ശവപ്പെട്ടിയുടെ രൂപത്തിൽ ഒരു വീട് പണികഴിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.

Read also:പ്ലാസ്റ്റിക്കിൽ കുരുങ്ങി ജീവൻ നഷ്ടമാകുന്ന പ്ലാറ്റിപസുകൾ; അറിയാം ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവിയെക്കുറിച്ച്…

ഈ വീട് കണ്ടതോടെ മനസുമാറിയ പിതാവ് യുവാവിന് സ്വന്തം മകളെ വിവാഹം കഴിപ്പിച്ചു നൽകി എന്നും പറയപ്പെടുന്നുണ്ട്. അതേസമയം വർഷങ്ങൾക്ക് ശേഷവും വലിയ കേടുപാടുകൾ ഇല്ലാത്ത ഈ വീട് പിന്നീട് ഭക്തസാധനങ്ങൾ വിൽക്കുന്ന കടയായാണ് പ്രവർത്തിച്ചത്. അതേസമയം കോഫിൻ ഹൗസ് എന്നറിയപ്പെടുന്ന ഈ വീട് കാണാൻ ഇപ്പോഴും നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്.

Story Highlights:Story behind coffin house