വായുവിലൂടെ ഉയർന്നുപൊങ്ങി മഞ്ജു വാര്യർ; ശ്രദ്ധനേടി ‘ചതുർമുഖം’ മേക്കിങ് വിഡിയോ

July 13, 2021

സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടുകയാണ് മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖം. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും സണ്ണി വെയ്‌നും മുഖ്യകഥാപാത്രങ്ങളായ ചിത്രം അടുത്തിടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യൻ സിനിമയിൽ തന്നെ അധികമാരും പരീക്ഷിക്കാത്ത ടെക്‌നോളജിയുമായാണ് ചിത്രത്തിൽ സംവിധായകരായ രഞ്ജിത് കമല ശങ്കറും സലീൽ വിയും എത്തുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ നാല് മുഖങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇപ്പോഴിതാ അതിസാഹസീക രംഗങ്ങൾ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സാഹസികരംഗങ്ങളിൽ ഉൾപ്പെടെ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മഞ്ജു അഭിനയിച്ചിരിക്കുന്നത്. ശരീരത്തിൽ റോപ്പ് കെട്ടി വായുവിലൂടെ ഉയർന്നുപൊങ്ങുന്ന മഞ്ജുവിനെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

Read also:വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; ബോർഡുകളോ, ജോലിക്കാരോ ഇല്ലാതെ മനോഹരമായി കിടക്കുന്ന ഗ്രാമങ്ങൾ

അതേസമയം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ തേജസ്വിനിയായാണ് മഞ്ജു വാര്യർ വേഷമിട്ടത്. ആന്റണിയായി സണ്ണി വെയ്‌നും ക്ലെമെന്റ് ആയി അലന്സിയരും മുഖ്യകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ടെക്‌നോ ഹൊറർ ശൈലിയെ വിജയകരമായി മലയാള സിനിമയ്ക്ക് പരിചയപെടുത്തുന്ന ചിത്രം കൂടിയാണ് ചതുർമുഖം. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചതുർമുഖം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

Story highlights:Manju Warrier in chathurmukham making video