അമ്മയെ കാണാൻ വനപാലകർക്കൊപ്പം തുള്ളിച്ചാടി പോകുന്ന കുട്ടിയാന- ഹൃദ്യം ഈ വിഡിയോ

October 8, 2021

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മൃഗങ്ങളുടെ വിഡിയോകൾ ആസ്വദിക്കാൻ വളരെ രസകരമാണ്. എത്ര പിരിമുറുക്കത്തോടെ ഇരിക്കുന്നയാളുടെയും മനസ് ഒന്ന് തണുപ്പിക്കാൻ ഇത്തരം കാഴ്ചകൾ ധാരാളമാണ്. ഇപ്പോഴിതാ, ഒരു കുട്ടിയാനയുടെ സന്തോഷകരമായ വിഡിയോ ശ്രദ്ധനേടുകയാണ്.

അമ്മയ്‌ക്കൊപ്പം കാട്ടിൽ കളിച്ച് നടക്കുന്നതിനിടയിൽ പരിക്ക് പറ്റിയ കുട്ടിയാന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിചരണത്തിലായിരുന്നു. പരിക്കൊക്കെ ഭേദമായി വനപാലകരുടെ നീണ്ട അകമ്പടിയോടെ അമ്മയുടെ അടുത്തേക്ക് മടങ്ങുന്ന കുട്ടിയാനയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്.

വളരെ സന്തോഷത്തോടെ തുള്ളിച്ചാടിയാണ് കുട്ടിയാന കാടിനുള്ളിലേക്ക് പോകുന്നത്. മുന്നിലും പിന്നിലുമെല്ലാം സുരക്ഷ ഒരുക്കി വനപാലക്കാരുമുണ്ട്. മുന്നിൽ നടക്കുന്ന ഉദ്യോഗസ്ഥനൊപ്പം വേഗത്തിൽ പാഞ്ഞുപോകുകയാണ് കുട്ടിയാന.

Read More: ട്രെയിനിലും ബസിലും മെട്രോയിലും യാത്ര; ‘സഞ്ചരിക്കുന്ന ഈ നായ’ സമൂഹമാധ്യമങ്ങളില്‍ താരം

ഐ എഫ് എസ ഉദ്യോഗസ്ഥയായ സുധാ രാമൻ പങ്കുവെച്ച വിഡിയോ ഇതിനോടകം വൈറലായി മാറി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒറ്റപ്പെട്ട നിലയിലാണ് കുട്ടിയാനയെ പരിക്ക് പറ്റിയ നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇസഡ് പ്ലസ് സുരക്ഷയിലാണ് അമ്മയുടെ അടുത്തേക്ക് കുട്ടിയാന മടങ്ങിയത്.

Story highlights- little calf happily walks to get reunited with its mother