പ്രണയം പങ്കുവെച്ച് തെലുങ്കിലെ അയ്യപ്പനും കണ്ണമ്മയും- ഹൃദയം കീഴടക്കി കെ എസ് ചിത്ര ആലപിച്ച ഗാനം

October 19, 2021

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത് പവൻ കല്യാണാണ്. മലയാളത്തിൽ കണ്ണമ്മയായി ഗൗരിനന്ദ എത്തിയപ്പോൾ, തെലുങ്കിൽ നിത്യ മേനോനാണ് ആ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കണ്ണമ്മയുടെയും അയ്യപ്പന്റേയും പ്രണയം പങ്കുവയ്ക്കുന്ന ഒരു ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ശ്രദ്ധനേടുന്നത്. റാണ ദഗ്ഗുബാട്ടിയാണ് കോശിയായി എത്തുന്നത്. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവൻ കല്യാണിന്റെ ഭാര്യയായി നിത്യ മേനോൻ ആണ് എത്തുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് തെലുങ്കില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റാണയുടെ നായികയായി മലയാള താരം സംയുക്ത മേനോനും വേഷമിടുന്നു.

Read More: അനു പാടി നിർത്തിയിടത്തുനിന്നും റിമി പാടിത്തുടങ്ങി.. ‘ മന്ത്രത്താൽ പായുന്ന കുതിരയെ..’- ഹൃദയംകവർന്ന ആലാപനം

ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാര്‍ത്തിയും ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി പാര്‍ത്ഥിപനും തമിഴ് പതിപ്പിലെത്തും. 

Story highlights- second single from BheemlaNayak