“കഥ കേൾക്കുമ്പോൾ തൊട്ടുതുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്”: ഷാജി കൈലാസ്

October 16, 2021
Shaji Kailas about Prithviraj Sukumaran on his birthday

പൃഥ്വിരാജിന് പിറന്നാൾ ആശംസകൾക്കൊണ്ട് നിറയുകയാണ് സമഹമാധ്യമങ്ങളും. ചലച്ചിത്രമേഖലയിലെ നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രം​ഗത്തെത്തുന്നത്. സംവിധായകൻ ഷാജി കൈലാസ് നേർന്ന ആശംസയും ശ്രദ്ധ നേടുന്നു. പൃഥ്വിരാജിന്റെ അഭിനയ- സംവിധാന മികവിനെ പ്രശംസിക്കുന്നതാണ് ഷാജി കൈലാസിന്റെ വാക്കുകൾ. പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രവും ഷാജി കൈലാസ് ഒരുക്കുന്നുണ്ട്.

ഷാജി കൈലാസിന്റെ വാക്കുകൾ

രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ… ഓരോ ലെൻസിന്റെയും പ്രത്യേകത… ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ… എല്ലാം രാജു മനപ്പാഠമാക്കുന്നു… കാലികമാക്കുന്നു. കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്.

Read more: പൃഥ്വിരാജിന് പിറന്നാൾ ആശംസിച്ച് ബ്രോ ഡാഡി ടീമിന്റെ സ്പെഷ്യൽ വിഡിയോ

നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ.

രാജുവിന് ദീർഘായുസ്സ്… ഒരുപാട് കാലം രാജുവിന്റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും… ഹാപ്പി ബർത്ത് ഡേ രാജൂ.. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു…

Story highlights: Shaji Kailas about Prithviraj Sukumaran on his birthday