‘ഹോം’ ബോളിവുഡിലേക്ക്- റീമേക്ക് വാർത്ത പങ്കുവെച്ച് വിജയ് ബാബു

October 7, 2021

അഭിനയ മികവുകൊണ്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ചലച്ചിത്രതാരമാണ് ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഇന്ദ്രൻസ് വേഷമിട്ടത്. ചിത്രം മലയാളത്തിൽ മാത്രമല്ല, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അഭിനന്ദനം ഏറ്റുവാങ്ങി. ഇപ്പോഴിതാ, ചിത്രം ബോളിവുഡിലേക്ക് ചേക്കേറുകയാണ്.

ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം. നിർമാതാവായ വിജയ് ബാബുവാണ് ബോളിവുഡ് റീമേക്കിനെക്കുറിച്ച് സ്ഥിരീകരിച്ചത്.

’21 വർഷം മുമ്പ് ഞാൻ മുംബൈയിൽ എന്റെ കരിയർ ആരംഭിച്ചപ്പോൾ, മുംബൈ ടൈംസിന്റെ ഒന്നാം പേജിൽ ഇടംനേടാനും ഒരു ദിവസം ബോളിവുഡിൽ ഭാഗമാകുന്നതും ഞാൻ സ്വപ്നം കണ്ടു. “ഹോം” അത് സാധ്യമാക്കി. ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഓർക്കുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ ഉയർച്ചകളും താഴ്ചകളും ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. അങ്കമാലി ഡയറീസിനു ശേഷം രണ്ടാം തവണയും അബൻടൻഷ്യയ്‌ക്കൊപ്പം ചേരുന്നതിൽ ആവേശം! ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കാത്തിരിക്കുന്നു.’ – വിജയ് ബാബുവിന്റെ വാക്കുകൾ.

Read More: അച്ഛന്റെ സിനിമയില്‍ സഹസംവിധായകനായി മകന്‍: സന്തോഷം പങ്കുവെച്ച് ഷാജി കൈലാസ്

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 19-നാണ് ചിത്രം റിലീസ് ചെയ്തത്. റോജിന്‍ തോമസ് ആണ് മലയാളത്തിൽ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.  രാഹുല്‍ സുബ്രഹ്‌മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്‍, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights- vijay babu annonced home movie bollywood remake