പൊട്ടിച്ചിരിപ്പിക്കാൻ ബേസിൽ ജോസഫും കൂട്ടരും; ശ്രദ്ധനേടി ജാന്‍-എ-മന്‍ മേക്കിംഗ് വിഡിയോ

November 9, 2021

തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ് യുവ താരനിര അണിനിരക്കുന്ന ചിത്രം ജാന്‍-എ-മന്‍. നവംബര്‍ 19ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. നടനും സംവിധായകനുമായി വിസ്മയിപ്പിച്ച ബേസിൽ ജോസഫാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, പോസ്റ്ററിന്റെ മേക്കിംഗ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബേസിലും മറ്റ് താരങ്ങളും പോസ്റ്ററിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതാണ് വിഡിയോയിലുള്ളത്. കുടുംബ പ്രേക്ഷകരേയും യുവാക്കളെയും ഒരുപോലെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ സാധിക്കുന്ന ഒരു എന്റര്‍ടെയ്നര്‍ സിനിമയായിരിക്കും ജാന്‍-എ-മന്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം ലാലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. ബേസില്‍ ജോസഫ് ജോയി മോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ജയരാജ്, രാജീവ് രവി, കെ.യു. മോഹനന്‍ എന്നിവരോടൊപ്പം സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും 12 വര്‍ഷങ്ങള്‍ പ്രവർത്തിച്ച ആളാണ് ചിദംബരം.

വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജിത്ത് കൂക്കല്‍, ഷോണ്‍ ആന്റണി എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാകുന്നു. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ ജെ. എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫി നിര്‍വഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകന്‍ ആകുന്ന ചിത്രം കൂടിയാണ് ഇത്.

സഹരചന സപ്നേഷ് വരച്ചല്‍, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍സ് വി.വി. ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ. ജിനു, സൗണ്ട് മിക്‌സ് എം.ആര്‍.

Read More: ചികിത്സയ്ക്ക് പണം സമ്പാദിക്കാനായി മിഠായി കച്ചവടം നടത്തി പത്ത് വയസുകാരി; വ്യത്യസ്ത രീതിയിൽ സഹായം ഒരുക്കി ചാർളി, ഹൃദയംതൊട്ട് വിഡിയോ

രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ്), വി.എഫ്.എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി. വടക്കേവീട് എന്നിവരാണ്.

Story highlights- janeman making video