തകർത്തഭിനയിച്ച് നവ്യ നായർ; ദൃശ്യം-2 ട്രെയ്‌ലർ

November 27, 2021

സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. ആദ്യ ഭാഗത്തിന് ലഭിച്ച അതെ സ്വീകാര്യതയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ലഭിച്ചത്. മലയാളത്തിൽ നിരവധി ആസ്വാദകരെ നേടിയെടുത്ത ചിത്രം അന്യഭാഷകളിലേക്കും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ ട്രെയ്‌ലറാണ് സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്.

പി വാസുവാണ് കന്നഡയില്‍ ‘ദൃശ്യം’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിച്ചത് ഡോ രവിചന്ദ്രയാണ്. മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് കന്നഡയിൽ നവ്യ നായർ അവതരിപ്പിക്കുന്നത്. ആശ ശരത്, പ്രഭു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതേസമയം ദൃശ്യത്തിന്റെ ആദ്യഭാഗത്തിനും കന്നഡയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ആസ്വാദകർ.

ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിര്‍വഹിയ്ക്കുക. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റെ നിര്‍മാണം. നടന്‍ വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക. മീന, എസ്തര്‍, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ചിത്രത്തിന്റെ ബോളിവുഡ് പതിപ്പിന് ഡിസംബറിൽ തുടക്കമാകും. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷ്ണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ഹിന്ദിയിൽ എത്തിയപ്പോൾ അജയ് ദേവ്ഗണും തബുവും ശ്രിയ ശരണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. രണ്ടാം ഭാഗത്തിലും ഇവർ തന്നെയായിരിക്കും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുക.

സിനിമാപ്രേമിയായ ഒരു സാധാരണക്കാരന്റെ കുടുംബത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളും അതിനെത്തുടർന്ന് ഉണ്ടാകുന്ന അന്വേഷണങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights: Navya Nair starring in Drishya 2, Official Trailer