ലോകകപ്പ് ആവേശത്തിൽ ’83’ ഒരുങ്ങുന്നു; പ്രേക്ഷകമനം തൊട്ട് ഗാനം

December 7, 2021

കായികപ്രേമികളുടെ ഇഷ്ടവിനോദമാണ് ക്രിക്കറ്റ്, ക്രിക്കറ്റിനെ ആസ്പദമാക്കി നിരവധി ചലച്ചിത്രങ്ങളും ഇതിനോടകം പുറത്തിറങ്ങിയതാണ്. എന്നാൽ ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ അഭിമാനമായ 1983 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 83. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതമാണ് പറയുന്നത്.

ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡിന്റെ ഇഷ്ടനടൻ രൺവീർ സിങ് ആണ്. ഇപ്പോഴിതാ ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനമാണ് സംഗീതപ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. ലെഹ്‍റാ ദൊ’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികളിൽ ആവേശം നിറയ്ക്കുന്ന പാട്ട് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. 83 ൽ രൺവീറിനൊപ്പം മുഖ്യകഥാപാത്രമായി വേഷമിടുന്നത് ദീപിക പദുകോണും അഭിനയിക്കുന്നുണ്ട്. കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം എത്തും. അതേസമയം ചിത്രത്തിന് വേണ്ടി രൺവീർ സിങ് നടത്തിയ മേക്കോവറും പരിശീലനവുമൊക്കെ നേരത്തെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കപില്‍ ദേവ് എന്ന വ്യക്തിയുടെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നത്, അദ്ദേഹത്തെ പിന്തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യും. ഇത് തനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണ് പരമാവധി മികച്ച രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ താൻ ശ്രമിക്കുമെന്നും’ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ രൺവീർ സിങ് പറഞ്ഞിരുന്നു.

ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഡിസംബർ 24 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

Story highlights; 83 Lehra Do Song