15 വർഷത്തെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങി റോസ് ടെയ്‌ലർ

December 30, 2021

ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട പേരാണ് ന്യൂസീലൻഡ് ക്രിക്കറ്റർ റോസ് ടെയ്‌ലറുടേത്. ഇപ്പോഴിതാ 15 വർഷത്തെ തന്റെ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് 37കാരനായ ടെയ്‌ലർ. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാവും റെഡ് ബോളിൽ ടെയ്‌ലർ അവസാനമായി കളിക്കുക. ശേഷം ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നീ ടീമുകൾക്കെതിരായ ഏകദിന പരമ്പരകളിലും താരം കളിക്കും. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും താരം വിടപറയും

2006 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ടെയ്‌ലർ ദേശീയ ജഴ്സിയിൽ അരങ്ങേറിയത്. ഇതുവരെ 110 ടെസ്റ്റുകളിൽ ടെയ്‌ലർ കളിച്ചു. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങൾ കൂടിയാവുമ്പോൾ ഇത് 112 ആകും. ന്യൂസീലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചത് മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിയാണ്. വെട്ടോറിയും ആകെ 112 മത്സരങ്ങളാണ് കളിച്ചത്.

Read also: ഹൃദയംതൊടുന്ന ആലാപനമാധുര്യവുമായി ആൻ ബെൻസൺ; പാട്ട് ഏറ്റെടുത്ത് ടോപ് സിംഗർ വേദി

മൂന്ന് ഫോർമാറ്റിലും 100ലധികം മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമാണ് ടെയ്‌ലർ. ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങളും (445), റൺസും (18074), സെഞ്ചുറികളും (40) ടെയ്‌ലറിൻ്റെ പേരിലാണ്. 233 ഏകദിനങ്ങളിൽ നിന്ന് 8581 റൺസുള്ള താരം 48.2 ബാറ്റിംഗ് ശരാശരിയും കാത്തുസൂക്ഷിക്കുന്നു. 102 ടി-20കളിൽ നിന്ന് 1909 റൺസും താരത്തിനുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി 55 ഐപിഎൽ മത്സരങ്ങളിലും ജഴ്സിയണിഞ്ഞ താരം 1017 റൺസാണ് നേടിയിട്ടുള്ളത്.

Story highlights: Ross Taylor Announces International Retirement