മരണത്തിന്റെ വക്കിൽ നിന്നും 200 രൂപ നൽകി കുഞ്ഞിനെ വാങ്ങിയ ‘അമ്മ; സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ഒരു കോടി വേദിയിലെത്തിയ കീർത്തി

January 8, 2022

കീർത്തി എന്ന പെൺകുട്ടിയുടെ കഥ കേൾക്കുമ്പോൾ ഇതൊരു സിനിമാക്കഥ ആയിരിക്കുമോ എന്ന് സംശയം തോന്നിയേക്കാം അത്രയേറെ വേദകളും സഹനങ്ങളും നിറഞ്ഞതായിരുന്നു കീർത്തിയുടെ ജീവിതം, കീർത്തിയുടെ കഥ പറഞ്ഞുതുടങ്ങുന്നതിന് മുൻപ് മറ്റൊരാളെ കുറിച്ചും പറയാനുണ്ട്… കീർത്തിയെ സ്വന്തം നെഞ്ചോട് ചേർത്ത് വെച്ച് വളർത്തിയ ഒരു അമ്മയെക്കുറിച്ച്. ഇന്ദിരാമ്മയെക്കുറിച്ച്…

ഇന്ദിരാമ്മ കീർത്തിയുടെ പെറ്റമ്മയല്ല, വളർത്തമ്മയാണ്. നെഞ്ചിലെ ചൂടും സ്നേഹവും കൊടുത്ത് കീർത്തിയെ വളർത്തിയ കീർത്തിയുടെ നൂറമ്മ, ഈ അമ്മയെക്കുറിച്ച് കേൾക്കുന്നവരും പറയും ഇത് ഒരമ്മയല്ല നൂറ് അമ്മയാണെന്ന്.

ശാരീരിക കുറവുകളോടെയാണ് കീർത്തി ജനിച്ചുവീണത്. ആരോഗ്യത്തോടെ ജീവിക്കില്ലായെന്ന് പെറ്റമ്മ ഉറപ്പുവരുത്തിയതോടെ ശവക്കുഴി വെട്ടുകാരന്റെ അരികിൽ മറവ് ചെയ്യാൻ ഏൽപ്പിച്ചതാണ് ഈ കുരുന്നിനെ. അവിടെ നിന്നും 200 രൂപ കൊടുത്താണ് ഇന്ദിരാമ്മ ആ കുഞ്ഞുജീവനെ സ്വന്തമാക്കിയത്. അന്ന് മുതൽ ഇന്ദിരാമ്മയാണ് കീർത്തിയുടെ അച്ഛനും അമ്മയും കുടുംബവുമെല്ലാം.

Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്

ബാല്യം മുതൽ ‘എടുത്ത് വളർത്തിയ കുട്ടി’ എന്ന കളിയാക്കലുകൾ കീർത്തിയ്ക്ക് ചുറ്റുമുണ്ട്. ജീവിതം വീൽചെയറിൽ ആയെങ്കിലും കമ്പ്യൂട്ടർ കോഴ്സ് പഠിച്ച് സ്വന്തമായൊരു ജോലിയാണ് കീർത്തിയുടെ ഇപ്പോഴത്തെ സ്വപ്നം. എന്നാൽ ഇന്ദിരാമ്മയ്ക്കും പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ വന്നതോടെ ജീവിക്കാൻ കഷ്ടപ്പെടുകയാണ് ഈ കുടുംബം. പള്ളികളിൽ നിന്നും പരിചിതരിൽ നിന്നും ലഭിക്കുന്ന സഹായങ്ങളാണ് ഇപ്പോൾ ഇവരുടെ ഏക ആശ്രയം.

ഫ്ളവേഴ്സ് ടിവിയിലെ അറിവിന്റെ വേദിയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കീർത്തിയെക്കുറിച്ച് ലോകം അറിയുന്നത്. ഇപ്പോഴിതാ കീർത്തിയ്ക്കും ഇന്ദിരാമ്മയ്ക്കും സഹായവുമായി നിരവധിപ്പേരാണ് എത്തുന്നത്.

അതേസമയം ഒരു കോടി വേദിയിൽ മത്സരാർത്ഥിയായി എത്തി ജീവിതം മാറിമറിഞ്ഞ നിരവധിപ്പേരെ ഇതിനോടകം ഈ വേദി ലോകത്തിന് പരിചയപ്പെടുത്തിക്കഴിഞ്ഞു. എല്ലാ ദിവസവും രാത്രി 9 മണിക്കാണ് ഫ്ളവേഴ്സ് ഒരു കോടി സംപ്രേക്ഷണം ചെയ്യുക.

Story highlights: Heartfelt life story of Keerthy