മനുഷ്യന്റെ മാത്രമല്ല തെരുവിലെ മൃഗങ്ങളുടെയും വിശപ്പകറ്റി ഒരു മനുഷ്യൻ; സഹജീവി സ്നേഹത്തിന് കൈയടിച്ച് സൈബർ സുഹൃത്തുക്കൾ

January 5, 2022

സഹജീവി സ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയായി മാറുകയാണ് തെരുവിലെ പക്ഷികളുടെയും മൃഗങ്ങളുടേയുമെല്ലാം വിശപ്പകറ്റുന്ന തുർക്കിയിൽ നിന്നുള്ള ഒരു മനുഷ്യൻ. തുർക്കി സ്വദേശിയായ ഇക്രം കോർക്‌മാസർ ആണ് തന്റെ കടയുടെ മുന്നിലെത്തുന്ന തെരുവ് നായകൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നത്. ഒന്നും രണ്ടുമല്ല നൂറുകണക്കിന് മൃഗങ്ങളാണ് ഓരോ ദിവസവും ഇക്രം കോർക്മാസറുടെ കടയ്ക്കരികിലേക്ക് ഭക്ഷണത്തിനായി എത്തുന്നത്.

ദിവസവും ഇത്തരത്തിൽ കടയ്ക്ക് മുന്നിലെത്തുന്ന മൃഗങ്ങൾക്ക് ഭക്ഷണപൊതിയുമായി എത്തുന്ന ഇക്രമിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നതും. ഭക്ഷണവുമായി എത്തുന്ന ഇക്രമിനരികിലേ’ക്ക് വാലാട്ടിക്കൊണ്ട് എത്തുന്ന നായകളെയും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ‘വാതിൽക്കലെത്തുന്ന സുഹൃത്തുക്കൾ എന്ന ക്യാപ്‌ഷനോടെ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു.

Read also; ഏക്കറുകളോളം ആയിരക്കണക്കിന് മുട്ടയിട്ട് കൂടൊരുക്കി അരയന്നങ്ങൾ; കൗതുകമായി ആകാശ കാഴ്ച- വിഡിയോ

സഹജീവി സ്നേഹത്തിന്റെ മാതൃകയായ വിഡിയോയ്ക്ക് മികച്ച കൈയടികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിശന്നു വലയുന്ന തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന ഇക്രമിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.

Story highlights; man feeds stray dogs