ഒമിക്രോണ്‍ വ്യാപനം; ടൊവിനോ തോമസ് ചിത്രം ‘നാരദന്‍’ റിലീസ് മാറ്റി

January 17, 2022

ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്ത നാരദന്‍ സിനിമയുടെ റിലീസ് മാറ്റി. കൊവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വ്യാപനവുമാണ് റിലീസ് മാറ്റാന്‍ കാരണം.നേരത്തെ ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ റിലീസ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു. 2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ടൊവിനോ തോമസ് ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുകയെന്ന സംശയവും ഉയര്‍ന്നിരുന്നു. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ദീപന്‍ ശിവരാമന്‍, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also: പുഷ്പയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് സനുഷ- വിഡിയോ

ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.വസ്ത്രലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Story highlights- release of the movie ‘Naradan’ postponed