ദേ, ഇതാണ് കടലിന് മീതേ പറന്നു നടക്കുന്ന ‘റോക്കറ്റ് മാന്‍’: വൈറല്‍ വീഡിയോ

November 25, 2019

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. പക്ഷികളെപ്പോലെ ഒരിക്കലെങ്കിലും ഒന്ന് പറക്കാന്‍ കൊതിച്ചിട്ടുണ്ടാവും നമ്മളില്‍ പലരും. എങ്കിലും ഈ ആഗ്രങ്ങളൊക്കെ പലപ്പോഴും സ്വപ്നത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. എന്നാല്‍ ഇതാ, പറന്നു നടക്കുന്ന ഒരാളുണ്ട്. പേര് റിച്ചാഡ് ബ്രൗണിങ്. ‘റോക്കറ്റ് മാന്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത് തന്നെ. സ്വന്തമായി നിര്‍മിച്ചെടുത്ത ജെറ്റ് പാക്കിലാണ് ബ്രൗണിങ് പറക്കുന്നത്. ബ്രിട്ടന്റെ നേവി വിമാനവാഹിനികപ്പലായ എച്ച്എംഎസ് ക്യൂന്‍ എലിസബത്തില്‍ നിന്നായിരുന്നു പരീക്ഷണ പറക്കല്‍. ഈ പരീക്ഷണ പറക്കലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.

റിച്ചാഡ് ബ്രൗണിങ് തന്നെയാണ് ഈ ജെറ്റ് പാക്ക് തയാറാക്കിയിരിക്കുന്നത്. അഞ്ച് ഗ്യാസ് ടര്‍ബൈനുകളുണ്ട്‌ ജെറ്റ് പാക്കില്‍. മണിക്കൂറില്‍ 89 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഈ ജെറ്റ് പാക്ക് ഉപയോഗിച്ച് പറക്കാന്‍ സാധിക്കും. വിമാന വാഹിനികപ്പലിനോട് ചേര്‍ന്ന് പ്രത്യേകമായി നിര്‍മിച്ച വിക്ഷേപണ തറയില്‍ നിന്നായിരുന്ന ബ്രൗണിങ് പറന്നത്.

Read more:107 വയസുള്ള അമ്മയുടെ പോക്കറ്റില്‍ നിന്നും മകള്‍ക്കൊരു മിഠായി; ഈ 84-കാരിയാണ് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകള്‍: വീഡിയോ

ബ്രൗണിങ്ങിന്റെ ഈ പറക്കല്‍ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നു. ബ്രിട്ടീഷ് നാവിക സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വളന്റിയര്‍ കൂടിയാണ് റിച്ചാഡ് ബ്രൗണിങ്. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടനിലെ സോളന്റ് കടലിടുക്കിന് കുറുകേ പറന്ന് ബ്രൗണിങ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് എന്നാണ് ബ്രൗണിങ്ങിന്റെ കമ്പനിയുടെ പേര്. ബ്രിട്ടീഷ് റോയല്‍ നേവിയുമായി ചേര്‍ന്നാണ് ഈ കമ്പനി ജെറ്റ് പാക്കുകള്‍ വികസിപ്പിക്കുന്നത്.