‘എന്നാലും മത്തായിച്ചാ നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ…’; സൗബിന്റെ ശബ്ദത്തില്‍ ട്രാന്‍സിലെ പാട്ട്

February 16, 2020

ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയത്തിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ട്രാന്‍സ്’. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ചിത്രത്തെ. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു ചിത്രത്തിലെ പുതിയ ഗാനം. ‘എന്നാലും മത്തായിച്ചാ നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്ന്. സൗബിന്‍ ഷാഹിറും ബ്ലെയ്‌സും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രസകരമാണ് ഗാനം.

ഈ മാസം 20 മുതല്‍ ട്രാന്‍സ് പ്രദര്‍ശനത്തിനെത്തും. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സ്’ എന്ന സിനിമയ്ക്കുണ്ട്.

സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ഫഹദിനും നസ്രിയയ്ക്കും പുറമെ സൗബിന്‍ സാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ, അശ്വതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു.

Read more: പ്രണയഭാവങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍; ശ്രദ്ധേയമായി ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’-ലെ സ്‌നേഹഗാനം

അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ റഷീദും അമല്‍ നീരദും ഒരു ഫീച്ചര്‍ ഫിലിമിനുവേണ്ടി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സ്’ എന്ന ചിത്രത്തിനുണ്ട്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ രചന. പ്രവീണ്‍ പ്രഭാകര്‍ ട്രാന്‍സിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.