കേരളത്തിലേയ്ക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച: ടിക്കറ്റ് ബുക്കിങ് ഇന്നു മുതല്‍

May 11, 2020
first train to kerala starts from Delhi on May 13

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഈ മാസം 12 മുതല്‍ പുനഃരാരംഭിയ്ക്കുന്നു. ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ ലിസ്റ്റും റെയില്‍വേ പുറത്തുവിട്ടു.

ആദ്യ ഘട്ടത്തില്‍ 30 സര്‍വ്വീസുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന്, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചുമായിരിക്കും സര്‍വീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേയ്ക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ് ഡല്‍ഹിയില്‍ നിന്നും പുറപ്പെടും. വെള്ളിയാഴ്ച ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് രാജധാനി സര്‍വ്വീസുകളാണ് തിരുവനന്തപുരത്തേയ്ക്കും തിരിച്ചും ഉണ്ടാവുക. കൊങ്കണ്‍ പാത വഴിയായിരിക്കും സര്‍വീസ്. എന്നാല്‍ തിരുവനന്തപുരം-ന്യൂഡല്‍ഹി സര്‍വീസിന് കോട്ട, വഡോദര, പന്‍വോല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം-തരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്പുണ്ടാവുക.

Read more: ‘സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി’; അങ്ങനെയും ഒരു ഇടമുണ്ട്‌ ഭൂമിയില്‍: വീഡിയോ

ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമാണ് ലഭ്യം. റെയില്‍വേ കൗണ്ടറുകള്‍ വഴിയുള്ള ബുക്കിങ്ങോ ഉണ്ടായിരിക്കില്ല. അതേസമയം യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. മാസ്‌ക് നിര്‍ബന്ധമാണ്. യാത്രയ്ക്ക് മുന്‍പായി ശരീരോഷ്മാവ് പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി.

Story Highlights: first train to kerala starts from Delhi on May 13