ജീവിതം വരെ പണയംവെച്ച് സിനിമയെ പ്രണയിച്ച ‘ചമയങ്ങളുടെ സുൽത്താൻ’ ; അനുസിത്താരയുടെ ശബ്ദത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പങ്കുവെച്ച് 67 താരങ്ങൾ

July 27, 2020

മലയാള സിനിമയുടെ ഖ്യാതി ദേശിയ തലത്തിൽ എത്തിച്ച അഭിനേതാക്കളിൽ മുൻ നിരയിലുണ്ട് മമ്മൂട്ടി. സിനിമയ്ക്കായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി ശ്രദ്ധേയമാകുകയാണ്. ‘ചമയങ്ങളുടെ സുൽത്താൻ’ എന്ന ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത് പബ്ലിസിറ്റി ഡിസൈനറായ സാനി യാസ് ആണ്. സിനിമാ താരങ്ങളും സിനിമാ പ്രവർത്തകരുമായി 67 പേർ ചേർന്നാണ് ‘ചമയങ്ങളുടെ സുൽത്താൻ’ പുറത്തുവിട്ടത്.

മുഹമ്മദ്‌കുട്ടി എന്ന കുട്ടിയുടെ വളർച്ചയും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹവും സ്വപ്നങ്ങളെ പിന്തുടർന്നപ്പോൾ നഷ്‌ടമായവയും പിന്നീട് മമ്മൂട്ടിയിലേക്കുള്ള വളർച്ചയുമെല്ലാം ഡോക്യുമെന്‍ററിയിൽ വിവരിക്കുന്നു. ജീവിതം തന്നെ പണയം വെച്ചാണ് സിനിമയ്ക്ക് പിന്നാലെ മമ്മൂട്ടി പോയത്. പ്രീഡിഗ്രി കാലത്തുണ്ടായ തോൽവിയും മാതാപിതാക്കളുടെ സ്വപ്നങ്ങളിൽ നിന്നും വേറിട്ട പാത തിരഞ്ഞെടുത്തതുമെല്ലാം ഡോക്യുമെന്‍ററിയിൽ വിശദമാക്കുന്നു.

ഡോക്യുമെന്‍ററിയുടെ ഏറ്റവും വലിയ ആകർഷണം അനുസിത്താരയുടെ ശബ്ദത്തിലുള്ള വിവരണമാണ്. സിനിമാലോകത്ത് മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് അനുസിത്താര. നമ്മളെ സിനിമ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യനോടുള്ള ആദരവാണ് ഈ ഡോക്യുമെന്‍ററിയെന്നാണ് സാനി യാസ് പറയുന്നത്.

മമ്മൂട്ടിയുടെ ഒട്ടേറെ സാങ്കല്പിക പോസ്റ്ററുകൾ ഡിസൈൻ ചെയ്ത് ശ്രദ്ധേയനായിരുന്നു സാനി യാസ്. പിണറായി വിജയനായും, സ്റ്റാലിനായുമെല്ലാം മമ്മൂട്ടിയുടെ പോസ്റ്ററുകൾ സാനി യാസ് ഒരുക്കിയിരുന്നു.