’41 വർഷങ്ങൾക്ക് മുൻപ്, ഈ ദിവസം ഏറ്റവും പ്രിയപ്പെട്ടത്’; ശ്രദ്ധനേടി സുഹാസിനിയുടെ വാക്കുകൾ

December 12, 2021

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടനടിയാണ് 1980 കളിൽ വെള്ളിത്തിരയിൽ തിളങ്ങിനിന്ന സുഹാസിനി. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും സിനിമയോട് ചേർന്ന് നിൽക്കുന്ന താരം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. 41 വർഷങ്ങൾക്ക് മുൻപ് സുഹാസിനി അവതരിപ്പിച്ച ആദ്യ ചിത്രത്തിന്റെ ഓർമകളാണ് താരം പങ്കുവയ്ക്കുന്നത്. 1980 ഡിസംബർ 12 നാണ് സുഹാസിനി അഭിനയിച്ച ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രം പ്രേഷകരിലേക്കെത്തിയത്. ചിത്രം പുറത്തിറങ്ങി 41 വർഷങ്ങൾ പിന്നിടുമ്പോൾ ഈ ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് പറയുകയാണ് സുഹാസിനി

മഹേന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രമാബ് നെഞ്ചത്തെ കിള്ളാതെ. ചിത്രത്തിൽ വിജി എന്ന കഥാപാത്രത്തെയാണ് സുഹാസിനി അവതരിപ്പിച്ചത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സുഹാസിനി സിനിമ ഓർമ്മകൾ പങ്കുവെച്ചത്.

‘നാല്പത്തൊന്ന് വർഷങ്ങൾക്ക് മുൻപ് എനിക്ക് അദ്ദേഹത്തിന്റെ വിജി ആകാൻ കഴിയുമെന്ന് സംവിധായകൻ മഹേന്ദ്രൻ വിശ്വസിച്ചു. 41 വർഷത്തെ സിനിമ കരിയറിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിൽ നായിക വേഷം ചെയ്യാൻ എന്നെ സമ്മതിപ്പിച്ച ഗുരുനാഥൻ അശോക് കുമാറിനും അച്ഛൻ ചാരുഹാസനും നന്ദി. ഡിസംബർ 12 എന്ന ദിവസം എനിക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്..’ സുഹാസിനി കുറിച്ചു.

Read also: ‘ആരോമൽ താരമായ് ആലോലം തെന്നലായ്…’,പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന് മിന്നൽ മുരളിയിലെ ഗാനം

തമിഴ്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് സുഹാസിനി. കൂടെവിടെ എന്ന ചിത്രമാണ് സുഹാസിനിയുടെ ആദ്യ മലയാള ചിത്രം. മമ്മൂട്ടി, റഹ്മാൻ എന്നിവർക്കൊപ്പം അഭിനയിച്ച പത്മരാജൻ ചിത്രത്തിന് ശേഷം മലയാളത്തിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരക്കാർ അറബിക്കടലിന്റെ സിംഹമാണ് സുഹാസിനിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം.

Story highlights: Suhasini says about her first film