ആറ് വർഷത്തെ ഇടവേളക്ക് ശേഷം വരുന്നു; ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക്

March 15, 2022

ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിലേക്ക്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്. ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരത്തിലെ വിജയികളെ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ നേരിടുന്നത്.

കളിപ്രേമികളെ ആവേശത്തിലാക്കിയ ഒരു മത്സരമായിരുന്നു ബ്ലാസ്റ്റേഴ്സും ജംഷഡ്‌പൂരും തമ്മിൽ നടന്നത്. ബ്ലാസ്റ്റേഴ്‌സ് കത്തികയറിയ ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ കേരളം വരാനിരിക്കുന്ന വെടിക്കെട്ടിന്റെ വ്യക്തമായ സൂചനകൾ നൽകിയിരുന്നു.

ആക്രമണങ്ങളിലും പ്രതിരോധത്തിലും മികച്ച നീക്കങ്ങൾ കണ്ട ആദ്യ പകുതി അവസാനിക്കുമ്പോൾ ജംഷഡ്‌പൂരിനെതിരെ കേരളം മേൽക്കൈ നേടിയിരുന്നു. കളിയുടെ പതിനേഴാം മിനുട്ടിൽ സൂപ്പർതാരം വാസ്‌ക്വേസ് നൽകിയ മനോഹരമായ ഒരു പാസ്സ് അതിമനോഹരമായ ഒരു ഗോളാക്കി മാറ്റുകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നായകൻ കൂടിയായ അഡ്രിയാൻ ലൂണ. ലോകമെമ്പാടുമുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആഘോഷത്തിലാറാടിച്ച ഒരു നിമിഷമായിരുന്നു അത്. സ്കോർ: 1-0.

അഗ്രിഗേറ്റ് സ്‌കോറിൽ ബ്ലാസ്റ്റേഴ്‌സ് അപ്പോൾ തന്നെ ബഹുദൂരം മുന്നിലെത്തിയിരുന്നു. നേരത്തെ കളിയുടെ ആദ്യ മിനുട്ടിൽ വാസ്‌ക്വേസിനും പിന്നീട് പത്താം മിനുട്ടിൽ പെരേര ഡയസിനും കിട്ടിയ സുവർണ അവസരങ്ങൾ കൂടി ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നെങ്കിൽ ജാംഷെഡ്പൂരിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമായിരുന്നു.

രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചാണ് ജംഷഡ്‌പൂർ മൈതാനത്തിറങ്ങിയത്. വളരെ ആവേശവും ആക്രമണോല്സുകവുമായ കളിയാണ് ടീം പിന്നീടങ്ങോട്ട് പുറത്തെടുത്തത്. അതിന് ഫലവും ഉണ്ടായി. അൻപതാം മിനുട്ടിൽ ഇന്ത്യൻ താരം പ്രോണോയ് ഹാൽദറിലൂടെ ജംഷഡ്‌പൂർ അവരുടെ സമനില ഗോൾ കണ്ടെത്തി. കോർണറിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.

ഗോൾ നേടിയതോട് കൂടി കൂടുതൽ ആവേശത്തിലായ ജംഷഡ്‌പൂർ താരങ്ങൾ തുടർച്ചയായി ബ്ലാസ്റ്റേഴ്സിന്റെ പകുതിയിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പലപ്പോഴും പ്രതിരോധത്തിന്റെ മികവും ഗോൾകീപ്പർ ഗില്ലിന്റെ മികച്ച പ്രകടനവുമാണ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തിയത്. മികച്ച പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സ് കളിയിലുടനീളം ഒരുക്കിയിരുന്നത്. കഴിഞ്ഞ കളിയിലെ പോലെ തന്നെ മാർക്കിങ് ഗെയിം ഈ കളിയിലും വളരെ മികവോടെയാണ് ബ്ലാസ്റ്റേഴ്‌സ് നടപ്പാക്കിയത്. ജംഷഡ്പൂരിന്റെ സൂപ്പർതാരങ്ങളായ ഗ്രെഗ് സ്റ്റുവർട്ടിനെയും ചീമയെയും ഇടതും വലതും നിന്ന് പൂട്ടുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. കളി അവസാനിക്കുമ്പോൾ സ്കോർ: 1-1, അഗ്രിഗേറ്റ് സ്കോർ: ബ്ലാസ്റ്റേഴ്‌സ് 2, ജംഷഡ്‌പൂർ 1.

Read More: ജംഷഡ്‌പൂർ പേടിക്കണം ബ്ലാസ്റ്റേഴ്സിന്റെ സെമി ചരിത്രം

ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കലൂരെ ഫാൻ പാർക്കിൽ ഉൾപ്പടെ ലോകമെങ്ങുമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഘോഷത്തിന് തുടക്കം കുറിച്ചിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പാണ് ഒടുവിൽ സഫലമായത്. ആറ് വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഐഎസ്എൽ കിരീടമെന്ന ടീമിന്റെയും ആരാധകരുടെയും വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Story Highlights: Blasters going to isl final