വീണ്ടും പോലീസ് വേഷമണിയാൻ ടൊവിനോ തോമസ്- ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒരുങ്ങുന്നു

May 4, 2022

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ വിജയശേഷം ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ ടൊവിനോ തോമസ്. ഇപ്പോഴിതാ, ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടേത്തും’ എന്ന ചിത്രത്തിൽ അനന്ത് നാരായണൻ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊവിനോ തോമസ്. ടൊവിനോ തോമസ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഒരു മിസ്സിംഗ് കേസ് അന്വേഷിക്കുന്ന ടൊവിനോയുടെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയായിരിക്കും സിനിമയെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രണ്ടാം തവണയാണ് ടൊവിനോ തോമസ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുമ്പ് ‘കൽക്കി’ എന്ന സിനിമയിൽ പോലീസ് കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടേത്തും’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘മാസ്റ്റേഴ്‌സ്’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘ആദം ജോൺ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ജിനു എബ്രഹാമാണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണൻ നിർവഹിക്കും. സൈജു ശ്രീധരൻ ആണ് ‘അന്വേഷിപ്പിൻ കണ്ടേത്തും’ എന്ന ചിത്രത്തിന്റെ എഡിറ്റർ.

Read Also:വധുവിന്റെ വേഷത്തിൽ പരീക്ഷാഹാളിലേക്ക്, എക്‌സാമിന് ശേഷം കല്യാണവേദിയിലേക്കും- അനുഭവകഥ പങ്കുവെച്ച് യുവതി

അതേസമയം, ‘പള്ളിച്ചട്ടമ്പി’, ‘ടിക്ക് ടോക്ക്’, ‘അജയന്റെ രണ്ടാം മോചനം’, ‘കറാച്ചി 81’, ‘നീലവെളിച്ചം’, ‘വാശി’, ‘തല്ലുമാല’ എന്നീ ചിത്രങ്ങളുൾപ്പെടെ ഒട്ടേറെ പ്രൊജക്ടുകളാണ് ടൊവിനോ തോമസിന് മുന്നിലുള്ളത്.

Story highlights- Tovino Thomas’ next is an investigation thriller titled ‘Anveshippin Kandethum’