മരിച്ചുപോയ ഭർത്താവിന്റെ ശബ്ദം കേൾക്കണം; ദിവസവും റെയിൽവേ സ്റ്റേഷനിലെത്തുന്ന യുവതി, ഹൃദയസ്പർശിയായ പ്രണയകഥ

June 13, 2022

പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിക്കുന്ന ആഘാതം പലപ്പോഴും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അത്തരത്തിൽ തന്റെ പ്രിയ ഭർത്താവിനെ നഷ്ടപ്പെട്ടതാണ് യുകെയിലുള്ള ഡോക്ടർ മാർഗരറ്റ് മക്കെലത്തിന്. 2007 ലാണ് മാർഗരറ്റിന് ഭർത്താവ് ലോറൻസിനെ നഷ്ടമാകുന്നത്. ഭർത്താവിന്റെ മരണം മാർഗരറ്റിൽ സൃഷ്ടിച്ചത് വലിയ ആഘാതമാണ്. പ്രിയപ്പെട്ടവന്റെ മരണശേഷമുള്ള മാർഗരറ്റിന്റെ ജീവിതം വളരെയധികം വേദനാജനകമായിരുന്നു. എന്നാൽ ഭർത്താവിന്റെ മരണശേഷം വീണ്ടും ജീവിക്കാനുള്ള മാർഗരറ്റിന്റെ പ്രചോദനം ഇന്നും മുഴങ്ങികേൾക്കുന്ന അദ്ദേഹത്തിന്റെ ആ ശബ്ദമാണത്രേ.

ഹൃദയസ്പർശിയായ ഈ പ്രണയകഥയുടെ തെളിവാണ് റെയിൽവേ സ്റ്റേഷനിലേക്കുള്ള മാർഗരറ്റിന്റെ ദിവസവുമുള്ള യാത്ര…

ദിവസവും ലണ്ടനിലുള്ള എംബാങ്ക്മെന്റ് ട്യൂബ് സ്റ്റേഷനിൽ മാർഗരറ്റ് എത്തും. തന്റെ ഭർത്താവിന്റെ ശബ്ദം കേൾക്കാൻ. 1992 ലാണ് മാർഗരറ്റും ലോറൻസും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. പെട്ടന്ന് തന്നെ സൗഹൃദത്തിലായ ഇരുവരും പിന്നീട് വിവാഹം കഴിക്കാനും തീരുമാനിച്ചു. വിവാഹശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കിയ ഇവരുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് ലോറൻസിന്റെ മരണം എത്തുന്നത്. 86 വയസ്സുള്ളപ്പോഴാണ് ലോറൻസ് മരണത്തിന് കീഴടങ്ങുന്നത്.

അതേസമയം ലണ്ടനിലെ എംബാങ്ക്മെന്റ് ട്യൂബ് സ്റ്റേഷനിൽ അറിയിപ്പുകൾക്കായാണ് ലോറൻസിന്റെ ശബ്ദം ഉപയോഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ട്രെയ്‌നിന്റെയും പ്ലാറ്റ്‌ഫോമിന്റെയും അകലത്തെക്കുറിച്ച് ഓർമ്മിപ്പിക്കുവാനും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനുമയാണ് ലോറൻസിന്റെ ശബ്ദം ഇവിടെ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷവും ഈ അനൗൺസ്മെന്റുകൾക്കായി ആ ശബ്ദം തന്നെയാണ് സ്റ്റേഷനിൽ ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇത് കേൾക്കാനായി ദിവസവും മാർഗരറ്റ് ഇവിടെ എത്തുമായിരുന്നു. എന്നാൽ ഒരിക്കൽ ഈ ശബ്ദം മാറ്റി മറ്റൊരു ഡിജിറ്റൽ ഉപകരണത്തിന്റെ സഹായത്തോടെ സ്റ്റേഷനിൽ ഇവർ അറിയിപ്പുകൾ നൽകിത്തുടങ്ങി.

Read also: കോമഡി താരമായതിനാൽ പലപ്പോഴും ക്ളൈമാക്സ് സീനിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു- മനസുതുറന്ന് ഇന്ദ്രൻസ്

ഇതോടെ മാർഗരറ്റ് ആകെ വിഷമത്തിലായി. എങ്കിലും തന്റെ വേദന ഉള്ളിലൊതുക്കി ജീവിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ ഒരിക്കൽ മാർഗരറ്റിന്റേയും ലോറൻസിന്റെയും ഹൃദയസ്പർശിയായ പ്രണയകഥയെക്കുറിച്ചറിഞ്ഞ അധികൃതർ വീണ്ടും ലോറൻസിന്റെ ശബ്ദം തന്നെ ഇവിടെ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. മാർഗരറ്റിന് വേണ്ടി മാത്രമാണ് ഇന്നും ആ സ്റ്റേഷനിൽ ലോറൻസിന്റെ ശബ്ദം അധികൃതർ ഉപയോഗിക്കുന്നത്.

Story highlights: woman visits station every day to listen to her dead husband’s voice