കൊച്ചു മുതലാളിയുടെ കറുത്തമ്മയായി വൈഗക്കുട്ടി ; മറ്റൊരു വ്യത്യസ്‌തമായ പ്രകടനവുമായി എത്തി കൈയടി വാങ്ങി വൈഗാ ലക്ഷ്‌മി

July 20, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ തന്റേതായ ഒരു ശൈലി കണ്ടെത്തിയ കുഞ്ഞു ഗായികയാണ് വൈഗാ ലക്ഷ്‌മി. വ്യത്യസ്‌തമായ പ്രകടനങ്ങളുമായിട്ടാണ് ഈ കൊച്ചു ഗായിക പാട്ടുവേദിയിലെത്താറുള്ളത്. മികച്ച ആലാപനത്തിനൊപ്പം നല്ല ഒരു അഭിനേതാവ് കൂടിയാണ് ഈ കുരുന്നു ഗായിക. പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെ വേദിയിൽ അഭിനയിച്ച് കാണിച്ച് ജഡ്‌ജസിനെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിക്കാറുണ്ട് വൈഗക്കുട്ടി.

ഇപ്പോൾ ചെമ്മീനിലെ കറുത്തമ്മയായി വേദിയിലെത്തിയിരിക്കുകയാണ് വൈഗക്കുട്ടി. കഥാപാത്രത്തെ പോലെ സംസാരിച്ച് ജഡ്‌ജസിനെ പൊട്ടിച്ചിരിപ്പിച്ചതിന് ശേഷമാണ് കൊച്ചു ഗായിക പാട്ട് പാടിയത്. ചെമ്മീനിലെ “പെണ്ണാളേ പെണ്ണാളേ..” എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമാണ് വൈഗ വേദിയിൽ ആലപിച്ചത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നാണിത്. സലീൽ ചൗധരി സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാറാണ്. യേശുദാസും പി. സുശീലയും, കെ.പി. ഉദയഭാനുവും ചേർന്നാണ് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഏറ്റവും മനോഹരമായാണ് വൈഗക്കുട്ടി വേദിയിൽ ഈ ഗാനം ആലപിച്ചത്.

Read More: “അന്ന് ഡാൻസ് പഠിപ്പിക്കാൻ വന്ന 17 വയസ്സുകാരൻ പയ്യനാണ് ഇന്നത്തെ ഉലകനായകൻ..”; അറിവിന്റെ വേദിയെ വിസ്‌മയിപ്പിച്ച രസകരമായ ഓർമ്മ പങ്കുവെച്ച് സീമ

നേരത്തെ കിലുക്കത്തിലെ രേവതിയുടെ കഥാപാത്രമായി വേദിയിലെത്തി വൈഗക്കുട്ടി കാഴ്ച്ചവെച്ച പ്രകടനം വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു. വൈഗ രേവതിയുടെ കഥാപാത്രത്തെ വേദിയിൽ അഭിനയിച്ചു കാണിച്ച് വലിയ കൈയടി നേടിയിരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ “ഊട്ടിപ്പട്ടണം..” എന്ന ഗാനം അതിമനോഹരമായാണ് വൈഗക്കുട്ടി വേദിയിൽ പാടിയത്. പലപ്പോഴും നൂറിൽ നൂറ് മാർക്കും നേടുന്ന പ്രകടനങ്ങളാണ് ഈ കൊച്ചു ഗായിക കാഴ്ച്ചവെയ്ക്കാറുള്ളത്.

Story Highlights: Vaiga lakshmi sings a beautiful song from chemmeen