മമ്മൂട്ടി നായകനാകുന്ന ‘റോഷാക്ക്’ മേക്കിംഗ് വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

August 28, 2022

പേരിലും ലുക്കിലും വ്യത്യസ്തതയുമായാണ് മമ്മൂട്ടി നായകനാകുന്ന ‘റോഷാക്ക്’ എന്ന ചിത്രമെത്തുന്നത്. പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ പേരാണ് ചർച്ചയാകുന്നത്. മാത്രമല്ല, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയേറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘റോഷാക്ക്’ മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വിഡിയോയിൽ മമ്മൂട്ടിയുടെ ലുക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചിത്രത്തിന്റെ തീവ്രവും വിചിത്രവുമായ ഒരു കാഴ്ച നൽകുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലർ സെപ്റ്റംബർ 7ന് എത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘കെട്ടിയോളാണ് എന്റെ മാലാഖ’യുടെ സംവിധായകൻ നിസാം ബഷീറിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും, തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്.

Read Also:കുഞ്ഞു ഗായകർ ഒരേ സ്വരത്തിൽ പാടി “മെഹബൂബ..”; കലോത്സവ വേദിയിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യം-വിഡിയോ

ചില മനഃശാസ്ത്രജ്ഞർ ആണ് സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവർത്തനവും പരിശോധിക്കാൻ ഈ പരിശോധന ഉപയോഗിക്കുന്നത്. അന്തർലീനമായ ചിന്താ വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് രോഗികൾ അവരുടെ ചിന്താ പ്രക്രിയകൾ തുറന്ന് വിവരിക്കാൻ മടിക്കുന്ന സന്ദർഭങ്ങളിൽ. കൂടാതെ വ്യക്തികളുടെ രോഗാതുരതമോ രോഗാതുരമല്ലാത്തതോ ആയ വ്യക്തിത്വം മനസ്സിലാക്കാൻ പേഴ്സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ടത്രെ.

story highlights- Rorschach Making Video