ക്ലബ് ഫുട്‌ബോളിൽ 700 ഗോളുകൾ; ചരിത്ര നേട്ടവുമായി റൊണാള്‍ഡോ

October 10, 2022

ലോക ഫുട്‌ബോളിലെ പകരം വയ്ക്കാനില്ലാത്ത ഇതിഹാസ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ചരിത്ര നേട്ടങ്ങൾ ഏറെയുണ്ട് താരത്തിന്റെ പേരിൽ. ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും സ്വപ്‌ന തുല്യമായ നേട്ടങ്ങളാണ് താരം നേടിയിട്ടുള്ളത്. ഇപ്പോൾ റൊണാൾഡോയെ തേടി മറ്റൊരു വലിയ നേട്ടം എത്തിയിരിക്കുകയാണ്.

ക്ലബ് ഫുട്‌ബോളിൽ 700 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായിരിക്കുകയാണ് റൊണാൾഡോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ എവര്‍ട്ടണെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ ചരിത്രനേട്ടം കൈവരിച്ചത്. 934 മത്സരങ്ങളില്‍ നിന്നാണ് താരം 700 ഗോളുകള്‍ നേടിയത്. സ്‌പോര്‍ട്‌സ് ക്ലബിനായി അഞ്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 144 ഗോളുകളും റൊണാള്‍ഡോ നേടി. 450 ഗോളുകളാണ് റയല്‍ മാഡ്രിഡിനായി നേടിയത്. യുവന്റസിനായി 101 ഗോളുകളും ക്രിസ്റ്റിയാനോ സ്വന്തമാക്കിയിട്ടുണ്ട്.

അതേ സമയം കാൽപന്തുകളിയിലെ ചിര വൈരികളാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണൽ മെസിയും. വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് ഇരു താരങ്ങളുടെയും അവസാനത്തേതാവും എന്നാണ് ആരാധകർ കരുതുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് മെസി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു.

Read More: “ഇനി ഒരു ലോകകപ്പിനുണ്ടാവില്ല, ഇത് അവസാനത്തേത്..”; തുറന്ന് പറഞ്ഞ് ലയണൽ മെസി

“ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.

Story Highlights: World record for cristiano ronaldo