ഖത്തറിന് വംശീയാധിക്ഷേപം നേരിട്ട ജർമ്മൻ താരം മെസ്യൂട്ട് ഓസിലിന്റെ പ്രശംസ; ആതിഥേയത്വവും സംഘാടനവും ഏറ്റവും മികച്ചതെന്ന് വിലയിരുത്തൽ

December 2, 2022

ഖത്തർ ലോകകപ്പിന്റെ സംഘാടനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിൽ. 2014 ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ നിർണായക പങ്ക് വഹിച്ച താരം ഖത്തറിന്റെ മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദിയുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.

2018 റഷ്യൻ ലോകകപ്പിൽ ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിനെ തുടർന്ന് ഓസിൽ കടുത്ത വംശീയാധിക്ഷേപം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം വിരമിക്കുകയും ചെയ്‌തിരുന്നു. അതിനാൽ തന്നെ ഓസിലിന്റെ പ്രശംസ ഫുട്‌ബോൾ ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

അതേ സമയം ഖത്തർ ലോകകപ്പിൽ ജർമ്മനിയുടെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. കോസ്റ്റാറിക്കയ്ക്കെതിരെ തകർപ്പൻ വിജയം നേടിയെങ്കിലും പുറത്തു പോവാനായിരുന്നു ജർമ്മനിയുടെ വിധി. ജപ്പാൻ സ്പെയിനിനെ തോൽപ്പിച്ചതോടെയാണ് ജർമ്മനിക്ക് പുറത്തേക്കുള്ള വാതിൽ തുറന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ വിജയം.

Read More: “അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

ആദ്യ മത്സരത്തിൽ ജപ്പാന് മുൻപിൽ അടി തെറ്റി വീഴുകയായിരുന്നു ജർമ്മനി. ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജർമ്മനിയെ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ അതിശക്തമായ തിരിച്ചുവരവ്. ജർമ്മനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ഇകായ് ഗുണ്ടോകൻ നേടി. കളിയുടെ തുടക്കം മുതല്‍ക്കേ ജർമ്മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. എന്നാൽ രണ്ടാം പകുതിയിലെ ജപ്പാൻ്റെ വിസ്മയ പ്രകടനം ഖത്തർ ലോകകപ്പിലെ രണ്ടാം അട്ടിമറിക്ക് വഴിയൊരുക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ റിറ്സ് ഡോനാണ് ജർമ്മൻ വല ആദ്യം കുലുക്കിയത്. 75 ആം മിനിറ്റിലായിരുന്നു ജപ്പാൻ്റെ സമനില ഗോൾ. 83 ആം മിനിറ്റിൽ ടാക്‌മയും ജപ്പാന് വേണ്ടി ഗോൾ കണ്ടെത്തി.

Story Highlights: Mesutr Ozil praises qatar world cup