മിന്നിത്തിളങ്ങുന്ന റോഡിൽ ഒരു സൈക്കിൾ സവാരി; പോളണ്ടിലെ ഗ്ലോ-ഇൻ-ഡാർക്ക് പാതയുടെ വിശേഷങ്ങൾ

March 21, 2023

എത്രത്തോളം വികസനങ്ങൾ ഉണ്ടായാലും ഒരിക്കലും പരാതികൾ അവസാനിക്കാത്ത ഒന്നാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥ. തകർന്ന റോഡുകളും മറ്റു പണികൾക്കായി പൊളിച്ചിട്ട റോഡുകളും സൃഷ്ടിക്കുന്ന അപകടങ്ങളും ചെറുതല്ല. എന്നാൽ പോളണ്ടിലെ റോഡുകളുടെ കാര്യം ഇങ്ങനല്ല. അവിടെ തിളങ്ങുന്ന റോഡുകളാണ് താരം. റോഡുകൾ അടക്കി വാഴുന്ന വാഹനങ്ങൾക്കായല്ല ഈ തിളങ്ങുന്ന റോഡുകൾ. സൈക്കിൾ യാത്രികർക്കായാണ്.

പ്രധാന റോഡിന്റെ ഇരുവശത്തും സൈക്കിൾ യാത്രികർക്കായി പ്രത്യേകം പാതയുണ്ട്. ഈ റോഡുകളാണ് രാത്രിയിൽ തിളങ്ങുന്നത്. പോളണ്ടിലെ ലിഡ്‌സ്‌ബാർക്ക് വാർമിൻസ്കി പ്രദേശത്താണ് ഗ്ലോ-ഇൻ-ഡാർക്ക് പാത നിർമിച്ചിരിക്കുന്നത്. രണ്ടരക്കോടി രൂപ മുടക്കിയാണ് ആറടി വീതിയും 330 അടി നീളവുമുള്ള പാത നിർമിച്ചിരിക്കുന്നത്.

ഫോസ്ഫറസിന്റെ ചെറിയ കണികകളായ ലുമിനോഫറുകൾ ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചിരിക്കുന്നത്. ലുമിനോഫറുകൾ പല നിറത്തിൽ ലഭ്യമാണെങ്കിലും രാത്രിയിൽ കണ്ണിന്റെ കാഴ്ചയ്ക്ക് സുഖപ്രദമാകാൻ നീല നിറമാണ് റോഡിൽ ഉപയോഗിച്ചിരിക്കുന്നത്. സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന റോഡ് രാത്രിയിൽ പത്തുമണിക്കൂർ വരെ തിളങ്ങും.

Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

ടി പി എ ഇൻസ്റ്റിറ്റ്യൂട്ട് ആണ് റോഡിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മുൻപ് നെതർലന്റിലും ഇത്തരം പ്രകാശിക്കുന്ന റോഡുകൾ വികസിപ്പിച്ചിരുന്നു. എന്നാൽ അവ എൽ ഇ ഡി സഹായത്തിലാണ് പ്രകാശിക്കുന്നത്.

Story highlights- glow in dark road in Poland