പ്രസവശേഷം നാലുമാസം മുതൽ ഒരുവർഷം വരെ നീളുന്ന മുടികൊഴിച്ചിൽ; കാരണവും പ്രതിവിധിയും

November 29, 2023

ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു സ്ത്രീ കടന്നുപോകുന്നത് ഒട്ടേറെ പരിവർത്തനങ്ങളിലൂടെയാണ്. ശാരീരികമായുള്ള മാറ്റങ്ങൾ പ്രസവശേഷവും തുടരും. ശരീരഭാരം വർധിക്കുക, മുടിയിലെ മാറ്റങ്ങൾ എന്നിവയൊക്കെയാണ് പൊതുവായുള്ളവ. ഗർഭകാലത്ത് ഇടതൂർന്ന മുടിയുണ്ടാകാറുണ്ട് ഒട്ടുമിക്ക സ്ത്രീകളിലും. വളരെ വേഗത്തിലും ഇടതൂർന്നുമുള്ള മുടിയുടെ വളർച്ച എന്നാൽ പ്രസവശേഷം വേഗത്തിൽ തന്നെ കൊഴിഞ്ഞുപോകലിന് വഴിമാറും. (postpartum hair loss)

ആശങ്ക തോന്നുന്ന രീതിയിലുള്ള മുടികൊഴിച്ചിലാണ് പൊതുവെ അനുഭവപ്പെടുക. എന്നാൽ പരിഭ്രാന്തരാകരുത്. പ്രസവശേഷം മുടികൊഴിച്ചിൽ സാധാരണമാണ്. ഗർഭധാരണത്തിനു മുമ്പും ശേഷവും ഹോർമോൺ നിലയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മുടി വളർച്ചയെ ബാധിക്കും. പ്രസവശേഷം ഹോർമോൺ അസന്തുലിതാവസ്ഥ അനുഭവപ്പെടുന്നത് തികച്ചും സാധാരണമാണ്, ഹോർമോൺ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളിലൊന്ന് പ്രസവശേഷമുള്ള മുടികൊഴിച്ചിൽ ആണ്. പ്രസവശേഷമുള്ള മുടികൊഴിച്ചിലിന്റെ മെഡിക്കൽ പദമാണ് ടെലോജൻ എഫ്ലൂവിയം. പ്രസവ ശേഷം, ഒട്ടേറെ സ്ത്രീകളെ ഇത് ബാധിക്കുന്നു. ശരീരത്തിലെ ഹോർമോണുകളുടെ പെട്ടെന്നുള്ള മാറ്റങ്ങളും പ്രത്യേകിച്ച് പ്രൊജസ്ട്രോണും ഈസ്ട്രജനും തമ്മിലുള്ള മാറ്റവും കാരണം പ്രസവശേഷം മുടികൊഴിച്ചിൽ സംഭവിക്കുന്നു.

കുഞ്ഞു ജനിച്ചു നാല് മാസങ്ങൾക്കുള്ളിൽ ഈ മുടികൊഴിച്ചിൽ ആരംഭിക്കും. പലർക്കും നാലുമാസങ്ങൾക്കുള്ളിൽ മുടികൊഴിച്ചിൽ അവസാനിക്കുമെങ്കിലും ചിലരിൽ അത് ഒരുവർഷത്തോളം നീണ്ടുനിൽക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ ഡോക്ടറുടെ സഹായം നേടണം.

Read also: ഉറങ്ങാൻ സഹായിക്കുന്ന പ്രത്യേക തലയിണ; പക്ഷെ വില കേട്ടാൽ ഉറക്കവും പോകും!

മാറിക്കൊണ്ടിരിക്കുന്ന ശരീരത്തിനായും മുടിയുടെ ആരോഗ്യത്തിനും പോഷകങ്ങളാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഒരു മാർഗം. ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം പ്രസവശേഷം വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ കഴിക്കുക. ഒരു ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക എന്നത് മുടി കൊഴിച്ചിൽ അവസാനിപ്പിക്കുന്നതിന് പ്രധാനമാണ്. പ്രസവശേഷം മാനസിക സംഘർഷം അനുഭവിക്കുന്നവരാണ് അധികവും. അത് നിയന്ത്രിക്കാൻ ശ്രമിക്കുക. മാത്രമല്ല, ഈ സമയത്ത് മുടിയിൽ പരീക്ഷണങ്ങൾ നടത്താതെയിരിക്കുന്നതാണ് ഉത്തമം.

Story highlights- postpartum hair loss