എത്ര തിരക്കേറിയാലും അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ല; ഇന്ത്യക്കാർ ജപ്പാൻ ജനതയിൽ നിന്നും കണ്ടുപഠിക്കേണ്ട ശീലം- വിഡിയോ

December 30, 2023

ഭൂമിയിലെ ഏറ്റവും സാങ്കേതികമായും സാമൂഹികമായും മുന്നേറുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പല വിചിത്രമായ ആചാരങ്ങളും ഇവിടെയുണ്ടെങ്കിലും ഒരു സമൂഹത്തിൽ എത്ര അച്ചടക്കത്തോടെ പെരുമാറണമെന്നത് ജപ്പാനിൽ നിർബന്ധപൂർവം പാലിക്കപ്പെടുന്ന ഒന്നാണ്. സ്‌കൂളുകളിൽ നിന്നുതന്നെ ആ പഠനം ആരംഭിക്കുന്നു. പലതരത്തിൽ ലോകത്തെ സ്വാധീനിച്ച സ്ഥലം കൂടിയായതുകൊണ്ട് ജപ്പാന്റെ ചില സംസ്കാരങ്ങൾ പ്രസിദ്ധവുമാണ്.

ഇപ്പോഴിതാ, അവരുടെ അച്ചടക്കം ശ്രദ്ധ നേടുകയാണ്. ഇന്ത്യയുടേതുമായി താരതമ്യം ചെയ്താണ് വിഡിയോ പ്രചരിക്കുന്നത്. ഗബ്ബാർ സിംഗ് എന്നയാളാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പൊതുവിധത്തിൽ ജപ്പാൻ ജനത പെരുമാറുന്ന വിധമാണ് വിഡിയോയിൽ ഉള്ളത്. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു സ്റ്റെപ്പാണ് വിഡിയോയിൽ ഉള്ളത്. ഒരുവശം മുകളിലേക്ക് കയറാനും മറുവശം ഇറങ്ങാനുമായി അടയാളപ്പെടുത്തിയിരിക്കുന്നു.

മുകളിലേക്ക് കയറാൻ വലിയ തിരക്കാണ്. പക്ഷെ ആ വഴിയിലൂടെ തന്നെ വളരെ അച്ചടക്കത്തോടെ കയറുകയാണ് ആളുകൾ. മറുവശത്ത് ഇറങ്ങി വരുന്നവരുടെ ഭാഗം അത്ര തിരക്കിലുമല്ല. എന്നിട്ടും ആരും ആ വഴി കയറുന്നില്ല. അത്രയും അവർ നിയമങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യയിൽ ഇങ്ങനെയെന്നെങ്കിലും സംഭവിക്കുമോ എന്നതാണ് വിഡിയോ പങ്കുവയ്ക്കപ്പെടുമ്പോൾ ചർച്ചയാകുന്നത്.

അതേസമയം, മുതിർന്നവരോടും സ്ത്രീകളോടുമെല്ലാം വളരെയധികം ബഹുമാനത്തോടെ പെരുമാറുന്നവരാണ് ജപ്പാൻ ജനത. അടുത്തിടെ, ഇവിടുത്തെ എലമെന്ററി സ്‌കൂൾ കുട്ടികളെ എങ്ങനെ ഒരു ബസിനുള്ളിൽ പെരുമാറണം എന്ന് പഠിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Read also: രണ്ട് ചാന്ദ്രയാന്‍ ദൗത്യങ്ങള്‍ക്കുള്ള തുക; ആക്രി വിറ്റ് കേന്ദ്രം സമ്പാദിച്ചത് 1,163 കോടി

ഒരു കൂട്ടം കുട്ടികൾ സ്കൂളിൽ ദയയുടെ മനോഹരമായ പാഠങ്ങൾ നേടുന്നത് കാണിക്കുന്നു ഒരു ബസിൽ ഒരാൾക്ക് കാണാൻ കഴിയുന്ന വ്യത്യസ്തരായ ആളുകളെപ്പോലെ കുട്ടികൾ വേഷമിടുന്നത് കാണാം. അർഹരായവർക്ക് എങ്ങനെ സീറ്റ് നൽകാമെന്ന് കുട്ടികൾ പഠിക്കുന്നത് വിഡിയോയിൽ കാണാം. ഗർഭിണി, പ്രായമായവർ, വിദ്യാർത്ഥികൾ, കൈക്കുഞ്ഞുമായി കയറുന്നവർ എന്നിവർക്ക് യാത്രികരായി വേഷമിടുന്ന കുട്ടികൾ സീറ്റ് നൽകുന്നു. അവരെ ഇരിക്കാൻ സഹായിക്കണമെന്നും പഠിപ്പിച്ചിട്ടുണ്ടെന്ന് വിഡിയോ കണ്ടാൽ മനസിലാകും.

Story highlights- japanese walking in disiplined queue