ലോകത്തിലെ ഏറ്റവും ചൂടേറിയ മേഖല; മരണത്തിന്റെ താഴ്‌വരയിൽ ഒരു പുതിയ തടാകം..!

February 24, 2024

ചൂടാണ്, കൊടും ചൂട്..! ഫെബ്രുവരി മാസം പകുതിയെത്തിയപ്പോൾ തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ താപനില 40 ഡി​ഗ്രി സെൽഷ്യസ് കടന്നുവെന്നാണ് ദേശീയ കലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് അടക്കം പ്രഖ്യാപിച്ച് ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ്. വേനൽ എത്തിയതോടെ കഠിനമായ ചൂടിന്റെ കാര്യത്തിൽ പാലക്കാടും കണ്ണൂരുമെല്ലാമാണ് മുന്നിലുള്ളത്. ( Rare lake in death valley hottest place on earth )

എന്നാൽ ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശത്തെക്കിറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ..? അതാണ് കലിഫോർണിയയിലെ ‘ഡെത്ത് വാലി’. പേരുപേലെ ഈ മരണത്താഴ്വര ഭൂമിയിലെ ഏറ്റവും അപകടകരമായ മേഖലകളിൽ ഒന്നാണ്. ഇപ്പോൾ ഡെത്ത് വാലിയിലെ കൗതുകകരമായ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. അവിടെ ഒരു താൽക്കാലിക തടാകം പെട്ടെന്നു രൂപപ്പെട്ടതിന്റെ ഉപഗ്രഹചിത്രങ്ങൾ നാസ എർത്ത് ഒബ്സർവേറ്ററിയാണ് പുറത്തുവിട്ടത്.

ലോകത്തിലെ ഏറ്റവും ചൂടേറിയതും വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതുമായ പ്രദേശമാണ് ഡെത്ത് വാലി. സാധാരണയായി 51 മില്ലിമീറ്ററിലും താഴെയുള്ള അളവിലാണ് ഇവിടെ മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ ആറ് മാസങ്ങൾക്കിടെ അതിന്റെ ഇരട്ടിയിലധികം മഴ ഇവിടെ ലഭിച്ചു. 2023 ഓ​ഗസ്റ്റിൽ വീശിയടിച്ച ഹിലറി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് ഇത്രയധികം മഴ ലഭിക്കുന്നതിന് കാരണമായി വിദ​ഗ്ധർ പറയുന്നത്. ഈ കനത്ത മഴയെ തുടർന്നാണ് ഈ പ്രദേശത്ത് തടാകം തന്നെ രൂപപ്പെട്ടത്.

കിഴക്കൻ കാലിഫോർണിയയിലെ വടക്കൻ മൊഹാവി മരുഭൂമിയിലാണ് ഡെത്ത് വാലി സ്ഥിതിചെയ്യുന്നത്. മൊഹാവിക്കും ഗ്രേറ്റ് ബേസിൻ എന്ന മറ്റൊരു മരുഭൂമിക്കുമിടയിലാണ് ഇതിന്റെ സ്ഥാനം. ‘ടിംബിഷ’ എന്ന തദ്ദേശീയ അമേരിക്കൻ ഗോത്ര വംശജരാണ് ഇവിടെ താമസിക്കുന്നത്. നിരവധി ഹോളിവുഡ് സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അതികഠിനമായ ചൂടുള്ള മേഖലയാണെങ്കിലും ധാരാളം വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രം കൂടിയാണ് ഡെത്ത്‌വാലി.

Read Also : പ്രിയതമന്റെ വേർപാടിൽ വിലപിച്ച കന്യകയുടെ കണ്ണീരുകൊണ്ട് രൂപം കൊണ്ട തടാകം; മരുഭൂമിക്ക് നടുവിലെ മരുപ്പച്ച!

1913 ജൂലൈ പത്തിന് ഇവിടത്തെ ഫർണസ് ക്രീക്ക് എന്ന സ്ഥലത്ത് 57 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന താപനിലയാണിത്.

Story highlights : Rare lake in death valley hottest place on earth