ആക്ഷൻ ഹീറോയായി കമലഹാസൻ; പ്രേക്ഷകരെ ആവേശത്തിലാക്കി ‘വിശ്വരൂപം-2’വിന്റെ മേക്കിങ് വീഡിയോ കാണാം

June 12, 2018

ഉലക നായകൻ  കമലഹാസൻ ചിത്രം വിശ്വരൂപം 2-ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങളുമായുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ആക്ഷൻ സീനുകൾ നിറഞ്ഞ ചിത്രത്തിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ നിരവധി സീനുകൾ കമലഹാസൻ ചെയ്യുന്നുണ്ട്. 2013 ൽ റിലീസ് ചെയ്ത വിശ്വരൂപം  എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘വിശ്വരൂപം 2’. ചിത്രം ആക്ഷൻ ത്രില്ലർ മൂവിയാണ്.  തിരക്കഥയും സംവിധാനവും കമലഹാസൻ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ഹോട്ട് പെർസ്യൂട്ടണിഞ്ഞ് കയ്യിൽ തോക്കുമായി നിൽക്കുന്ന കമലാഹാസനാണ് ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ പ്രസൂൻ  ജോഷി,  സന്ദീപ് ശ്രീവാസ്തവ എന്നിവരുടെ വരികൾക്ക് മുഹമ്മദ് ഗിബ്രാനാണ് ഈണം നൽകിയിരിക്കുന്നത്. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് വിശ്വരൂപം 2 ന്റെ  ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്. ആസ്കര്‍ പ്രൊഡക്ഷൻസും കമൽഹാസനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് .

മൂന്ന് വിത്യസ്ത ഭാഷകളിലായാണ് ചിത്രത്തിന്റെ ആദ്യ  ട്രെയ്‌ലറും  പുറത്തിറങ്ങിയത്. തമിഴ്  ട്രെയ്‌ലർ റിലീസ് ചെയ്തത്  കമലഹാസന്റെ മകൾ ശ്രുതി ഹാസനും തെലുങ്ക് ഡബ്ഡ് വേർഷൻ എൻ ടി ആറും ഹിന്ദി രോഹിത് ഷെട്ടിയുമാണ്. ചിത്രം ആഗസ്റ്റ് 10- ഓടു കൂടി തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഉലകനായകന്റെ ആക്ഷൻ ത്രില്ലർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.