പുതിയ രൂപത്തിൽ മമ്മൂട്ടി; ഫിലിം ഫെസ്റ്റിവലിൽ തരംഗമായ ‘പേരന്‍പി’ൻറെ ടീസർ കാണാം..,

മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തുന്ന  ‘പേരന്‍പ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ കൈയ്യടി നേടിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ പതിനേഴാം സ്ഥാനത്ത് ഈ ചിത്രം നേരത്തെ എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ഈ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് പതിനേഴാം സ്ഥാനം കരസ്ഥമാക്കിയത്.

ചിത്രത്തിൽ ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനുമായ ഒരു പിതാവായിട്ടാണ് മമ്മൂട്ടി എത്തുന്നത്. അമുധന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കിയ ചിത്രത്തിൽ തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്. നിരവധി താരങ്ങളും നടന് പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. ‘മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകള്‍”.- നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. മമ്മൂട്ടി മികച്ച അഭിനയം കാഴ്ചവെക്കുന്ന  ഈ ചിത്രം താരത്തിന് ദേശീയ അവാർഡ് നേടിക്കൊടുക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.