ചിരിയുടെ രാജാവ് സംവിധാന രംഗത്തേക്ക്

August 30, 2018

മലയാളികള്‍ക്ക് എന്നും പ്രീയങ്കരനാണ് ഹരിശ്രീ അശോകന്‍ എന്ന ഹാസ്യതാരം. ഹാസ്യാഭിനയത്തില്‍ നിന്നും മാറി ഒരു പുതിയ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള തിരക്കിലാണ് താരമിപ്പോള്‍. ചിത്രത്തിന്റെ പേരില്‍ തന്നെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് ഹരിശ്രീ അശോകന്റെ വരവ്. ‘ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി’ എന്നാണ് ചിത്രത്തിന്റെ പേര്. എം ഷിജിത്ത്, ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ് കെ.ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് ചിത്രത്തിന്റെ പൂജ നടക്കും. ചിത്രം കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ടെലികോം വകുപ്പില്‍ കരാര്‍ ജോലിക്കാരനായിരുന്ന അശോകന്‍ മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ മിമിക്‌സ് പരേഡ് സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം. 1989ല്‍ ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ അശോകനത്തേടിയെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. 2007ല്‍ ‘ആകാശം’ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകന്‍ സീരിയസായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തിയിട്ടുണ്ട്.

അഭിനയരംഗത്തുനിന്നും സംവിധാനരംഗത്ത് ചുവടുവയ്ക്കുന്ന സിനിമാതാരങ്ങളുടെ എണ്ണം ചെറുതല്ല. ‘ലൂസിഫര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പൃത്വിരാജ് സംവിധാനരംഗത്തേക്ക് അടുത്തിടെ കടന്നിരുന്നു. ജോയ് മാത്യു, ബാബുരാജ്, സിദ്ധാര്‍ത്ഥ് ശിവ, നാദിര്‍ഷ, വിനീത് കുമാര്‍, സലീം കുമാര്‍, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് അഭിനയത്തില്‍ നിന്നും സംവിധാനരംഗത്തേക്ക് എത്തിയത്. ഇതിനു പിന്നാലെയാണ് ഹരിശ്രീ അശോകനും സംവിധാനകരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.