ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു; കനത്ത സുരക്ഷ, ജാഗ്രതാ നിർദ്ദേശം..

August 10, 2018

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം ശക്തമായി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെള്ളം രൂക്ഷമായതിനെതുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. അതിനാൽ ഷട്ടറുകൾ രാവിലെ 11.30 ഓടെ കൂടുതൽ ഉയർത്താൻ നിർദ്ദേശം. തീരദേശ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കി വിവിധ  സേനകളും  രംഗത്തുണ്ട്.

രാവിലെ പത്തുമണിക്കുള്ള റീഡിങ് അനുസരിച്ച് 2401.34 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറയുന്നു. നിലവിൽ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിടുന്നത്. എന്നാൽ  ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ 3 ലക്ഷം ലിറ്റർ വെള്ളമായിരിക്കും പുറത്തേക്ക് വരിക.

ഇടുക്കി ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗവും വിലയിരുത്തി. നിലവിലുള്ളതിനേക്കാളം മൂന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും.

അതേസമയം പത്തനംതിട്ട ജില്ലയിലെ ഡാമുകള്‍ തുറന്നതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയില്ലാണ് . ഇതേ തുടര്‍ന്ന് കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ ,കുട്ടനാട് താലൂക്കുകളില്‍ . ജില്ലാ കളക്ടർ  ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 26 ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുകളും ഉണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നതിനാൽ നാവിക സേനയും തീരദേശ സേനയും ഉൾപ്പെടെ നിരവധി ആളുകളാണ് രക്ഷാപ്രവർത്തനങ്ങളുമായി എത്തിയിരിക്കുന്നത്.

..