സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; റാക്കറ്റ് കൈയിലെടുത്ത് ശ്രദ്ധാ കപൂര്‍

September 22, 2018

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തെ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. സൈന നേവാളായി ചിത്രത്തില്‍ വേഷമിടുന്നത് ശ്രദ്ധാ കപൂറാണ്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. സൈനയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു എന്ന് നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങും സജീവമായിരിക്കുകയാണ്. ഷൂട്ടിംഗിന്റെ ഭാഗമായി റാക്കറ്റ് കൈയിലെടുത്തിരിക്കുകയാണ് നടി ശ്രദ്ധാ കപൂര്‍.

തന്റെ ജീവിതത്തില്‍ എറ്റവും ചലഞ്ചിങ് ആയിട്ടുള്ള ചിത്രമാണ് സൈനയുടെ ബയോപിക്ക് സിനിമ എന്ന് നേരത്തെതന്നെ ശ്രദ്ധ കപൂര്‍ അഭിപ്രായപ്പെട്ടിരുന്നു. വളരെ ആകാംഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നതെന്നും ശ്രദ്ധ പറഞ്ഞു. ഷൂട്ടിംഗിന് മുന്നോടിയായി വലിയ രീതിയിലുള്ള തയാറെടുപ്പുകള്‍ ശ്രദ്ധാ നടത്തിയിരുന്നു. ഇതിനായി ബാഡ്മിന്റണും പരിശീലിക്കുന്നുണ്ട്. സൈനയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കരണമാണ് ഈ സിനിമയെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ സൈന ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ്. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന. ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം,

വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളും സൈനയ്ക്കുണ്ട്. 2009-ന്‍ ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്‍ഡോനേഷ്യ ഓപണ്‍ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ പരാജയപ്പെടുത്തി സൈന ചരിത്രം കുറിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കരിയാണ് സൈന. സൈനയുടെ ജീവിതം പറയുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.