‘ആത്മാവും ജീവിതവും സമർപ്പിച്ച് പൃഥ്വി’; ‘ആടുജീവിത’ത്തിന്റെ വിശേഷങ്ങളുമായി അമല

October 9, 2018

നടനായും സംവിധായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ സംവിധാനവുമായി വെള്ളിത്തിരയിലെ തിരക്കുകളിലൂടെ നടന്നു നീങ്ങുന്ന പൃഥ്വിയുടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അമല പോൾ.

ബ്ലെസി സംവിധായകനായി എത്തുന്ന ആടുജീവിതം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് പൃഥ്വിരാജാണ്. ചിത്രത്തിൽ എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, തുടങ്ങി നിരവധി മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാള സിനിമയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ആടുജീവിതമെന്നും അമല പോൾ പറഞ്ഞു.

നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായി പൃഥ്വിരാജിനെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇതായിരിക്കും പൃഥ്വിയുടെ കരിയറിൽ ബെസ്റ്റ് ചിത്രമെന്നും. അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി തന്റെ ആത്മാവും ജീവിതവും ഹൃദയവും വരെ ഈ ചിത്രത്തിന് വേണ്ടി അർപ്പിച്ചിരിക്കുകയാണെന്നും തനറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും അമല പറഞ്ഞു.

അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടനിപ്പോൾ. നിരവധി താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ടോവിനോ തോമസ് തുടങ്ങി മലയാളത്തിലെ താരനിരകൾക്കൊപ്പം ബോളിവുഡിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന വിവേക് ഒബ്‌റോയിയും ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്.