‘വിശ്വാസ’ത്തെ അനുഗ്രഹിച്ച് ആന; വൈറലായ വീഡിയോ കാണാം..

ഇഷ്ട താരങ്ങളോടുള്ള താരാരാധനയുടെ വിത്യസ്ത രൂപങ്ങൾ നാം കാണാറുണ്ട്.  ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ പാലഭിഷേകം നടത്തിയും കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ അവരോടുള്ള സ്നേഹം കാണിക്കാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു താരാരാധനയുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നൊരു തല ഫാൻ.

തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പാലഭിഷേകം നടത്തിയിരിക്കുകയാണ് തല ഫാൻസ്‌. എന്നാൽ ഇത്തവണ പാലഭിഷേകം നടത്തിയിരിക്കുന്നത് മനുഷ്യന്മാരല്ല ആനയാണ് എന്നതാണ് പ്രത്യേകത. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി  ഒരു പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിനെ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഈ പോസ്റ്ററിലാണ് ആനയെക്കൊണ്ട് പാലഭിഷേകം നടത്തിയിരിക്കുന്നത്.

പാലഭിഷേകം നടത്തുന്ന വീഡിയോ ഇതിനകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. തലയോടുള്ള ആരാധകരുടെ സിഹം പോലെ തന്നെ തലയ്ക്ക് ആരാധകരോടുള്ള സ്നേഹവും പലപ്പോഴും വാർത്തകളാകാറുണ്ട്.പാലാഭിഷേകം നടത്തുന്ന ആനയ്‌ക്കൊപ്പം വിശ്വാസത്തിന്റെ പുതിയ പോസ്റ്ററിന് മുന്നിൽ തല കുമ്പിട്ട് നിൽക്കുന്ന ആരാധകനെയും വിഡിയോയിൽ കാണുന്നുണ്ട്.

തമിഴകത്തിന്റെ സ്വന്തം അജിത് നായകനായി എത്തുന്ന വിശ്വാസം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം അടുത്ത വർഷം പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

വിശ്വാസത്തില്‍ അജിത്തിന്റെ നായിക നയൻ താരയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഒരുക്കങ്ങളിലാണ്. ചിത്രത്തിൽ സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും തല നരക്കാത്ത ലുക്കിലും അജിത് എത്തുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.

നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം അജിത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയാകുകയാണ്. ബിഗ്ബിയുടെ വേഷത്തിലാണ് പുതിയ ചിത്രത്തിൽ തല എത്തുന്നത്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രം  പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. അമിതാഭ് ബച്ചനും തപ്സിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചൻ പിങ്കിൽ  അവതരിപ്പിച്ച കഥാപാത്രത്തെ അജിത് തമിഴില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.