ബോളിവുഡ് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍; ചിത്രങ്ങള്‍ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

October 16, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ലുക്ക്. രൂപത്തിലും ഭാവത്തിലുമെല്ലാം ബോളിവുഡ് താരങ്ങളെ ഓര്‍മ്മിപ്പിക്കും വിധമാണ് ദുല്‍ഖറിന്റെ പുതിയ മെയ്ക്ക്ഓവര്‍. ‘ദ് സോയ ഫാക്ടര്‍’ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടിയാണ് താരത്തിന്റെ രൂപമാറ്റം.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം കൂടിയാണ് ‘ദ് സോയ ഫാക്ടര്‍’. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. വിത്യസ്തമായ ഹെയര്‍സ്റ്റൈലിലും കാതു കുത്തിയുമാണ് ദുല്‍ഖര്‍ പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ പുതിയ ലുക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണവും ചിത്രത്തിനു ലഭിക്കുന്നുണ്ട്. അടുത്തിടെ ‘ദ് സോയ ഫാക്ടര്‍’ എന്ന സിനിമയ്ക്കുവേണ്ടി ക്രിക്കറ്റ് പരിശീലിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അഭിഷേക് ശര്‍മ്മയാണ് ‘ദ് സോയ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. അനുജ ചൗഹാന്‍ രചിച്ച ‘ദ് സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചലച്ചിത്രം. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിനം ജനിച്ച പെണ്‍കുട്ടി, തുടര്‍ന്ന് ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും ശേഷം അവള്‍ ഒരു ഭാഗ്യരാശിയായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ‘കര്‍വാന്‍’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം.