കൊച്ചുണ്ണിയെ ഏറ്റെടുത്ത് പ്രവാസികളും

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. കേരളത്തിനുപുറമെ പ്രവാസികള്‍ക്കിടയിലും ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. യുഎഇയില്‍ മാത്രമായി 48 തീയറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനമുള്ളത്. ഓരോ തീയറ്ററുകളിലും രണ്ട്, മൂന്നു സ്‌ക്രീനുകളിലായി പ്രദര്‍ശനം നടത്തുന്നുണ്ട്. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ 13 തീയറ്ററുകളിലും ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നാല് തീയറ്ററുകളിലായും ‘കായംകുളം കൊച്ചുണ്ണി’യുടെ പ്രദര്‍ശനം ഉണ്ട്.

അഞ്ച്‌കോടിയിലും അധികമാണ് കേരളത്തില്‍ മാത്രമായി ആദ്യദിനം ചിത്രത്തിനു ലഭിച്ച കളക്ഷന്‍. ആദ്യമായാണ് നിവിന്‍പോളി ചിത്രത്തിന് ആദ്യദിനം ഇത്രയും കളക്ഷന്‍ ലഭിക്കുന്നത്. കേരളത്തില്‍ 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘കായംകുളം കൊച്ചുണ്ണി’ക്കുണ്ട്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം.

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായി മോഹന്‍ലാലും ചിത്രത്തിലെത്തുന്നു.

ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.