താടിയും മുടിയുമുള്ളവര്‍ക്ക് ആസിഫ് അലിയുടെ ‘മന്ദാരം’ കാണാന്‍ ഫ്രീ ടിക്കറ്റ്

തകര്‍പ്പന്‍ ലുക്കില്‍ ആസിഫ് അലി നായകനായെത്തുന്ന ‘മന്ദാരം’ നാളെ തീയറ്ററുകളിലേക്ക്. സിനിമയ്ക്ക് തികച്ചും വിത്യസ്തമായൊരു പ്രൊമോഷന്‍ ഒരുക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. താടിയും മുടിയുമുള്ളവര്‍ക്ക് മന്ദാരം കാണാന്‍ ഫ്രീ ടിക്കറ്റ് ലഭിക്കും ഒപ്പം മറ്റനവധി സമ്മാനങ്ങളും. മാജിക് മൗണ്ടന്‍സ് സിനിമാസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ദാരം എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായ മൂന്ന് ലുക്കിലാണ് ആസിഫ് അലി എത്തുന്നത്. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനാര്‍ക്കലി മരയ്ക്കാര്‍ ആണ് മന്ദാരത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാജിക് മൗണ്ടന്‍സ് സിനാമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം നായകന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്.

ചിത്രത്തിന്റെ പ്രധാന ഭാഗവും മണാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അനിയത്തി പ്രാവു’പോലെ പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്ന ഒരു പ്രണയചിത്രമായിരിക്കുംമന്ദാരമെന്നും ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. നേരത്തെ പുറത്തിറങ്ങിയ മന്ദാരത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചിരുന്നു.