മോഹന്‍ലാല്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ ഭാഗമായതിങ്ങനെ; വീഡിയോ കാണാം

October 17, 2018

പ്രേക്ഷകര്‍ ഒന്നാകെ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ ഭാഗമായതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

”നിവിന്‍ പോളിയെപ്പോലുള്ള യുവനടന്‍മാര്‍ നായകനാകുന്ന ചിത്രത്തില്‍ ഗെസ്റ്റ് റോള്‍ ചെയ്യാന്‍ പല മുഖ്യധാര നടന്മാരും തയാറാകില്ല. മോഹന്‍ലാലിന് മുമ്പ് പലരെയും ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിലേയ്ക്കായി ക്ഷണിച്ചു. ആരും അതിന് തയാറായിരുന്നില്ല. ഒടുവില്‍ ആന്റണി പെരുമ്പാവൂരിനോട് ഇതിനേക്കുറിച്ച് സംസാരിച്ചു. സിനിമയിലെ സീനുകളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. മോഹന്‍ലാല്‍ സമ്മതവും നല്‍കി. മോഹന്‍ലാലിന്റെ സമ്മതം കിട്ടിയപ്പോള്‍ നിവിനും താനും സന്തോഷംകൊണ്ട് പരസ്പരം നൃത്തം ചെയ്തുവെന്നും” റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

പന്ത്രണ്ട് ദിവസമാണ് ചിത്രീകരണ സമയത്ത് കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം മോഹന്‍ലാല്‍ ഉണ്ടായിരുന്നത്. ആ പന്ത്രണ്ട് ദിവസവും തങ്ങളെ സംബന്ധിച്ചിടത്തോളം ആഘോഷമായിരുന്നെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

നൂതന ആശയങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായാണ് നിവിന്‍ എത്തുന്നത്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ബോബിസഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.