‘സഹോ’യുടെ മെയ്ക്കിങ് വീഡിയോ സൂപ്പര്‍ഹിറ്റ്; കാഴ്ചക്കാര്‍ ഒരു കോടിക്കും മേലെ

October 29, 2018

സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോയും സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് ഇപ്പോള്‍. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് യുട്യൂബില്‍ റിലീസ് ചെയ്ത ‘സഹോ’യുടെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ ഒരു കോടിയിലധികം ആള്‍ക്കാരാണ് ഇതിനോടകം കണ്ടത്.

‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ചിത്രീകരിക്കുന്ന സിനിമയില്‍ 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് സിംവിധായകന്‍ മേക്കിങ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സഹോ‘. ചിത്രീകരണം പൂര്‍ത്തിയായ സഹോ എന്ന ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രദ്ധാ കപൂറിന്റെ തെന്നിന്ത്യന്‍ പ്രവേശനം നടത്തുന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്.