അഞ്ചാം ക്ലാസുകാരന്റെ കത്തിന് മറുപടിയുമായി ക്രിക്കറ്റ് ദൈവം..

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് എഴുതിയ കത്തിന്  അഞ്ചാം ക്‌ളാസുകാരന് കിട്ടിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മിഥുൻ എം മേനോൻ എന്ന കുട്ടിത്താരം ക്രിക്കറ്റ് ദൈവം സച്ചിന് തന്റെ സ്കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഈ കത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏതോ ഒരു കുട്ടി സച്ചിന് കത്തെഴുതിയതായും അതിന് മറുപടി കിട്ടിയതായും ഫേസ്ബുക്കില്‍ ഇട്ടത് മിഥുന്റെ ശ്രദ്ദയിൽപെട്ടിരുന്നു. ഇത്  കണ്ടാണ് മിഥുനും സച്ചിന് കത്തയച്ചത്.

“പ്രിയപ്പെട്ട സച്ചിന്‍, ഈ വഴിക്കൊക്കെ വരുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലൊക്കെ ഒന്നു കയറണം.., പിന്നെ ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമുണ്ടല്ലോ, അതിലെ ഒന്നിനും കൊള്ളാത്ത കുറേ കളിക്കാരുണ്ട് അവരെയൊക്കെ ഒന്നു മാറ്റണം…” ഇതാണ് മിഥുൻ സച്ചിൻ അയച്ച കത്ത്. ഈ കത്തിന് മറുപടിയുമായാണ് സച്ചിൻ എത്തിയത്..

“പ്രിയപ്പെട്ട മിഥുന്‍,

ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ടാമിന്നിങ്‌സില്‍ യാത്രകളും മറ്റുമായി തിരക്കിലാണ്. സമയം കിട്ടിയിരുന്നെങ്കില്‍ നിന്റെ സ്‌കൂളില്‍ വരുമായിരുന്നു. നിങ്ങളെപ്പോലുള്ള ആരാധകരുടെ പിന്തുണയാണെന്റെ കരുത്ത്. എല്ലാ ആശംസകളും. എന്റെ വാല്‍സല്യത്തിന്റെ പ്രതീകമായി ഞാന്‍ ഒപ്പിട്ട, എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതോടൊപ്പം അയയ്ക്കുന്നു – സ്വന്തം സച്ചിന്‍.”

ചിറ്റിലപ്പിള്ളി കഠാരിപ്പാലം ഐശ്വര്യയില്‍ മനോജിന്റെയും ജയലക്ഷ്മിയുടെയും മകനാണ്  അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മിഥുന്‍.