‘സർക്കാരി’ലെ വിജയ്‍യുടെ റോൾ വെളിപ്പെടുത്തി സംവിധായകൻ..

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘സര്‍ക്കാര്‍’.  ചിത്രത്തില്‍ വിജയ്‍യുടെ റോളിനെ കുറിച്ച് സൂചനകള്‍ നല്‍‌കുകയാണ് സംവിധായകൻ എ ആര്‍ മുരുഗദോസ്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലുള്ള കഥാപാത്രമാണ് വിജയ്‍യുടെതെന്ന് എ ആര്‍ മുരുഗദോസ് പറയുന്നത്. വിജയ്‍യുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ എന്നുതന്നെയാണെന്നും സംവിധായകൻ പറഞ്ഞു.

അതേസമയം തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. തെലുങ്ക് ഡബ്ബിംഗ് ജോലികള്‍ ഉടൻ ആരംഭിക്കും. ഈ മാസം 19ന് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ദീപാവലിയോടനുബന്ധിച്ച ‘സര്‍ക്കാര്‍’ തീയറ്ററുകളിലെത്തും.

‘സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്‌യും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സംഗീത സംവിധായകൻ എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.