ആരാധകർ കാത്തിരുന്ന തലയുടെ ‘വിശ്വാസം’ തിയേറ്ററുകളിലേക്ക്

October 16, 2018

തമിഴകത്തിന്റെ പ്രിയപ്പെട്ട നായകൻ അജിത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു. വിശ്വാസത്തില്‍ അജിത്തിന്റെ നായിക നയൻ താരയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഒരുക്കങ്ങളിലാണ്.

ചിത്രത്തിൽ സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും തല നരക്കാത്ത ലുക്കിലും അജിത് എത്തുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.

നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം അജിത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയാകുകയാണ്. ബിഗ്ബിയുടെ വേഷത്തിലാണ് പുതിയ ചിത്രത്തിൽ തല എത്തുന്നത്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രം  പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. അമിതാഭ് ബച്ചനും തപ്സിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചൻ പിങ്കിൽ  അവതരിപ്പിച്ച കഥാപാത്രത്തെ അജിത് തമിഴില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.