മൻമോഹൻ സിംഗിനെ അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി അനുപം ഖേർ; ബിഹൈൻഡ് ദ സീൻ വീഡിയോ കാണാം

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗിന്റെ ജീവിത കഥ പറയുന്ന ‘ആക്സിഡന്റൽ പ്രൈം മിനിസ്റ്ററി’ന്റെ ചിത്രീകരണം പൂർത്തിയായി.  പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറാണ് ചിത്രത്തിൽ മൻമോഹൻ സിങ്ങായി  വേഷമിടുന്നത്. ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ അനുപം ഖേർ തന്റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു.

തന്റെ സമകാലീനനായ  മൻമോഹൻ സിങ്ങിനെ സ്‌ക്രീനിൽ അവതരിപ്പിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണെന്നും ചിത്രത്തിന്റെ പൂർണതയ്ക്കായി  തന്റെ കഴിവിന് പരമാവധി പ്രയത്നിച്ചിട്ടുണ്ടെന്നും അനുപം ഖേർ പറഞ്ഞു.  അക്ഷയ് ഖന്നയാണ് ചിത്രത്തിൽ സഞ്ജയ് ബാരുവിന്റെ  വേഷം അവതരിപ്പിക്കുന്നത്.


പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ് ബാറു 2014 ൽ എഴുതിയ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആധാരമാക്കി വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. മൻമോഹൻ സിങ് പ്രധാന മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായിരുന്നു സഞ്ജയ് ബാറു. ചിത്രത്തിൽ സഞ്ജയ് ബാറുവിനെ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. സോണിയ ഗാന്ധിയായി ചിത്രത്തിൽ വേഷമിടുന്നത് ജർമ്മൻ താരമായ സൂസൻ ബെർണാട്ടാണ്.

ചിത്രത്തിൽ മൻമോഹൻ സിങ്ങിനൊപ്പം സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, എ പി ജെ അബ്ദുൽ കലാം, ശിവരാജ് പാട്ടിൽ, ഗുർശരൺ കൗർ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരും അണിനിരക്കുന്നുണ്ട്. ഈ താരങ്ങളെല്ലാവരും പാർലമെന്റ് ഹാളിൽ ഇരിക്കുന്ന ഫോട്ടോയും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.