പ്രണയം പറഞ്ഞ് ബിജുമോനോനും അനുശ്രീയും; ആനക്കള്ളനിലെ ഗാനം കാണാം

പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ആനക്കള്ളന്‍. ചിത്രത്തിലെ ഒരു വീഡിയോ ഗാനംകൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിജുമേനോനും അനുശ്രീയുമാണ് ഗാനത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. ‘വട്ടം തട്ടും വട്ടക്കായല്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രണയാര്‍ദ്രമാണ് ഈ ഗാനം. പി ജയചന്ദ്രനും കെ എസ് ചിത്രയും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മികച്ച ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ‘ആനക്കള്ളന്‍‘ എന്നു നേരത്തെതന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. സുരേഷ് ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സപ്ത തരംഗ് സിനിമാസാണ് നിര്‍മ്മാണം. ജയറാം നായകനായ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം സപ്ത തരംഗ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ ആനക്കള്ളന്‍’. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിനു ശേഷം ഉദയ് കൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

നേരത്തെ പുറത്തിറങ്ങിയ ‘ആനക്കള്ളനി’ലെ ഗാനത്തിനും മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ചിത്രത്തിലെ ‘നിന്നെയൊന്നു കാണാനായി…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും ബിജുമേനോന്‍ തന്നെയാണ്. സിദ്ധിക്, ധര്‍മ്മജന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, സുധീര്‍ കരമന, ഷംന കാസിം, സരയു, ബിന്ദു കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.