യൂത്ത് ഒളിംപിക്‌സ്; മൂന്നാമത്തെ സ്വർണ്ണവും വെടിവെച്ചിട്ട് ഇന്ത്യ..

October 11, 2018

യൂത്ത് ഒളിമ്പിക്സിന്‍റെ മൂന്നാമത്തെ സ്വര്‍ണ്ണവും കരസ്ഥമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റളില്‍ സൗരഭ് ചൗധരിയാണ് ഇന്ത്യക്കായി മൂന്നാമത്തെ സ്വർണ്ണം നേടിയത്. കൊറിയന്‍ താരത്തെ പിന്തള്ളിയാണ് സൗരഭിന്‍റെ നേട്ടം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി നേരത്തെ സ്വര്‍ണം നേടിയിരുന്നു

നേരത്തെ ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെറിമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. 62 കിലോ വിഭാഗത്തില്‍ 274 കിലോ ഭാരമുയര്‍ത്തിയാണ് മിസോറാമില്‍ നിന്നുള്ള താരം സ്വര്‍ണം നേടിയത്. യൂത്ത് ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു ഇത്.

10മീറ്റര്‍ എയര്‍ ലിഫ്റ്റിങ്ങില്‍ മനു ബക്കറാണ് യൂത്ത് ഒളിമ്പിക് ചരിത്രത്തിലെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. രണ്ടാമതെത്തിയ റഷ്യയുടെ ഇയാന എനീന നേടിയ 235.9 എന്നതിനെതിരെ 236.5 പോയിന്‍റുകള്‍ കരസ്ഥമാക്കിയാണ് മനു ബക്കര്‍ സ്വര്‍ണ്ണ കുതിപ്പ് നടത്തിയത്. യൂത്ത് ഒളിമ്പിക്സില്‍ ഒരു ഇന്ത്യൻ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡലാണ് ഇത്.